Section

malabari-logo-mobile

അബ്ദുറഹിമാന്റെ ‘ചുക്കുകാപ്പി’ രണ്ട് പതിറ്റാണ്ട് പിന്നിടുന്നു

HIGHLIGHTS : താനൂര്‍: നാടിന്റെ ഓരോ സന്തുക്കളിലും ചുക്കിന്റേയും കുരുമുളകിന്റെയും മിശ്രിതത്താല്‍

താനൂര്‍: നാടിന്റെ ഓരോ സന്തുക്കളിലും ചുക്കിന്റേയും കുരുമുളകിന്റെയും മിശ്രിതത്താല്‍ രൂപപ്പെടുത്തിയ ചുക്കുകാപ്പിയുമായി അബ്ദുറഹിമാന്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. കാലവ്യത്യാസങ്ങള്‍ക്ക് അതീതമായി തന്റെ ചുക്കുകാപ്പിക്കായി കാത്തിരിക്കുന്നവരുണ്ടെന്ന തിരിച്ചറിവാണ് അബ്ദുറഹിമാന്റെ ചുക്കുകാപ്പി ‘യാത്ര’ക്ക് പിന്നില്‍.

താനൂരിന്റെ ഓരോ മുക്കിലും മൂലയിലും അബ്ദുറഹിമാന്‍ എത്തുന്നത് തന്റെ പ്രിയ വാഹനമായ സൈക്കിളിലാണ്. ദിവസവും 20 കിലോമീറ്റര്‍ സഞ്ചരിക്കും. വര്‍ഷകാലമെത്തുമ്പോഴാണ് തന്റെ കാപ്പിക്ക് ആരാധകര്‍ ഏറുന്നതെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

sameeksha-malabarinews

റെയില്‍വെ സ്റ്റേഷനിലെ സ്ഥിരം ‘അന്തേവാസികള്‍’, പഴയകാല തുലാസില്‍ അളന്ന് തിട്ടപ്പെടുത്തിയ വരുമാനവുമായി ജീവിക്കുന്ന മുതിര്‍ന്ന പലചരക്ക് കച്ചവടക്കാരും, പൊളിഞ്ഞ് വീഴാറായ മതിലിനരികില്‍ സമയം കളഞ്ഞ് തീര്‍ക്കുന്ന ചില ചെറുപ്പങ്ങളും, ജൂണിന്റെ നനവില്‍ പ്രണയം കടലാസു തുണ്ടില്‍ നിന്ന് എസ്.എം.എസിലേക്ക് വഴിമാറിയ പുതുതലമുറയും, ഭൂമിയുടെ അതിര്‍ത്തിയിലേക്ക് കള്ളനോട്ടം എറിയുന്ന പറമ്പ് വില്‍പ്പനക്കാരും, സമൂഹത്തിനായി ജീവിതമര്‍പ്പിച്ച കമ്മുട്ടിക്കയെ പോലുള്ളവരും, ആത്മസംസ്‌കരണത്തിന്റെ നാളുകളില്‍ തറാവിഹ് നമസ്‌കാരത്തിനെത്തുന്ന വിശ്വാസികളും, മണ്ഡല കാലത്തെ അയ്യപ്പഭക്തരും അബ്ദുറഹിമാന്റെ കാപ്പിയുടെ ആരാധകരത്രെ….

ഒഴൂര്‍ ഓണക്കാട് സ്വദേശിയായ അബ്ദുറഹിമാന്‍ 20 വര്‍ഷമായി ഈ തൊഴില്‍ സ്വീകരിച്ചിട്ട്. മുന്‍പ് ചെന്നൈ ചായക്കടയിലായിരുന്നു ജോലി.
എല്ലാ മേഖലകളില്‍ നിന്നുമുള്ള മികച്ച സൗഹൃദമാണ് തന്റെ സമ്പാദ്യമെന്ന് പറഞ്ഞ് അബ്ദുറഹിമാന്‍ ചൂടാറും മുന്‍പ് വിടവാങ്ങി.. തന്റെ ആരാധകര്‍ക്ക് മുന്നിലേക്ക്.. ചുക്കുകാപ്പിയുമായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!