Section

malabari-logo-mobile

അട്ടിമറിക്കപ്പെടുന്ന പെന്‍ഷന്‍

HIGHLIGHTS : ജീവനക്കാരുടെ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍പദ്ധതി


എ. ശ്രീകുമാര്‍

ജീവനക്കാരുടെ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍പദ്ധതി അട്ടിമറിച്ച്, കമ്പോളശക്തികളുടെ സൃഷ്ടിയായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പിലാക്കുന്നതാണ്, ജീവനക്കാരും അധ്യാപകരും ഈ കാലഘട്ടത്തില്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത്. 1991 മുതല്‍ നടപ്പിലാക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ക്രൂരമായ ആക്രമണങ്ങളുടെ ഇരകളാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍. സേവന മേഖലകളെ തകര്‍ക്കുന്ന, തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന, ഈ നയങ്ങളാകട്ടെ ഐ.എം.എഫ്, ലോകബാങ്ക്, ലോകവ്യാപാരസംഘടന എന്നീ സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശാനുസരണമാണ് നടപ്പിലാക്കപ്പെടുന്നത്. സംസ്ഥാനഗവണ്‍മെന്റുകളും ഈ നയങ്ങള്‍തന്നെ കര്‍ശനമായി പിന്തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബ്ബന്ധിക്കുന്നു. കോണ്‍ഗ്രസ്സും – ബി.ജെ.പി.യും നയിക്കുന്ന സംസ്ഥാനഗവണ്‍മെന്റുകള്‍ ഈ നയങ്ങള്‍ സ്വമേധയാ പിന്തുടരുന്നു. ഭരണാധികാരവും സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടും കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ഇത് നടപ്പാക്കിയിരുന്നില്ല. ഭരണമാറ്റത്തെ തുടര്‍ന്ന് യു.ഡി.എഫ് ഗവണ്‍മെന്റ് കേരളത്തിലും ഇതേ നയങ്ങള്‍ നടപ്പിലാക്കുകയാണ്.

sameeksha-malabarinews

നാനാമേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച ഈ നയങ്ങള്‍ക്കെതിരെ ഇതിനകം നിരവധി ദേശീയ പൊതുപണിമുടക്കുകളും മറ്റു പ്രക്ഷോഭങ്ങളും, ട്രേഡ്‌യൂണിയനുകളും സര്‍വീസ് സംഘടനകളും ഒറ്റക്കും സംയുക്തമായും നടത്തിവരികയാണ്. എന്നാല്‍ ഈ നയങ്ങളും അതിന്റെ ഭാഗമായ കടന്നാക്രമണങ്ങളും കൊണ്ട് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ജീവനക്കാരെ തുടര്‍ച്ചയായി വേട്ടയാടുകയാണ്.

ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യനാളുകള്‍ മുതല്‍തന്നെ നിലവില്‍വന്നതാണ് ജീവനക്കാരുടെ സാമൂഹിക-സുരക്ഷാപദ്ധതിയായ പെന്‍ഷന്‍. നിലവിലുണ്ടായിരുന്ന കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ടിനുപകരമായി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍പദ്ധതി 1920 ല്‍ ആദ്യമായി നടപ്പിലാക്കി. 1957ല്‍ ഇത് എല്ലാ സംസ്ഥാന ങ്ങള്‍ക്കും നിയമപരമായി ബാധകമാക്കി.

മുതലാളിത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളുടെ പുതിയ കണ്ടുപിടുത്തങ്ങളാണ് പെന്‍ഷന്‍പദ്ധതിയില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഓഹരി കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിര്‍ത്തുക എന്ന ഗൂഢോദ്ദേശമാണ് ഇതിന്റെ പിന്നില്‍. 2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഐ.എം.എഫ് തയ്യാറാക്കിയ രേഖയാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അടിസ്ഥാനം. ഇത് നടപ്പിലാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഭട്ടാചാര്യ കമ്മീഷന്‍ സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2004 ജനുവരി ഒന്നിനു ശേഷം സര്‍വീസില്‍ വരുന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ടും, പുതിയ പെന്‍ഷന്‍പദ്ധതി ബാധകമാക്കിക്കൊണ്ടും കേന്ദ്ര ഗവണ്‍മെന്റ് 2003 ഡിസംബറില്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയും, തുടര്‍ന്ന് 2004 ല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു. ഓര്‍ഡിനന്‍സിന് പകരമായി പെന്‍ഷന്‍ റഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിട്ടി ബില്‍ ഒന്നാം യു.പി.എ. ഗവണ്‍മെന്റ് ലോകസഭയില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെയും തൊഴിലാളികളുടെയും ശക്തമായ പ്രക്ഷോഭത്തിന്റെയും ഇടതുപക്ഷ എം.പി.മാരുടെ ശക്തമായ ചെറുത്തുനില്‍പിന്റെയും ഫലമായി, ബില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടു. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയോടെ വീണ്ടും ലോകസഭയില്‍ ബില്ല് അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇടതുപക്ഷ എം.പി. മാരുടെ ചെറുത്തുനില്‍പുമൂലം പ്രാവര്‍ത്തികമായില്ല. കോണ്‍ഗ്രസ്സും-ബി.ജെ.പി.യും നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്രഗവണ്‍മെന്റിന്റെ പാത പിന്തുടര്‍ന്ന് തങ്ങളുടെ സംസ്ഥാനത്ത് പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. ഭൂരിപക്ഷം സംസ്ഥാന ങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന ധാര്‍ഷ്ട്യത്തോടെ, പുതിയ പെന്‍ഷന്‍പദ്ധതി നിയമപരമായിത്തന്നെ നടപ്പിലാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. 2012 മാര്‍ച്ച് 24 ന് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍, യശ്വന്ത്‌സിന്‍ഹ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം പാര്‍ലമെന്റിന്റെ പരിഗണനയിലെത്തിയിരിക്കുന്നു.

(ലേഖകന്‍ എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ്)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!