ഹോം ഗാര്‍ഡിന്റെ ആത്മഹത്യ; മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.

തിരു: മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ സജീവിന്റെ മൃതശരീരവുമായി ബന്ധുക്കളും നാട്ടുകാരും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധയാത്ര പോലീസ് തടഞ്ഞു.

ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞതിനാലാണ് കാല്‍നടയായി മൃതദേഹം ജഗതി വഴി കള്ളിക്കാട്ടേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് സജീവന്‍ ആ്ത്മഹത്യ ചെയ്തത്.

തന്റെ ആത്മഹത്യയക്കു കാരണം മുഖ്യമന്ത്രിയാണ് എന്നെഴുതിയ കുറിപ്പ് സജീവിന്റെ വസ്ത്രത്തില്‍ നിന്ന് ലഭിക്കുകയുണ്ടായി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡാണ് നെയ്യാറ്റിന്‍കര സ്വദേശിയായ സജീവന്‍. ഇയാളെഴുതിയ ആത്മഹത്യാകുറിപ്പില്‍ ‘രണ്ടുമാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ട്. ജോലി തരാമെന്ന് പറഞ്ഞ് തന്നെ പറ്റിക്കുകയായിരുന്നു. മരണത്തിനുകാരണം മുഖ്യമന്ത്രിയാണ്. പണമില്ലാത്തതിനാല്‍ തന്റെ മകള്‍ക്ക് ബിബിഎ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.’ തുടങ്ങിയ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.