ഹൈബി ഈഡന് പ്രണയ സാഫല്യം

എറണാകുളം:  കേരള നിയമ സഭയിലെ ബേബി എംഎല്‍എ ഹൈബി ഈഡന്‍ വിവാഹിതനായി. നീണ്ട മൂന്നുവര്‍ഷത്തെ പ്രണയ സാക്ഷാത്കാരമായി അന്ന ലിന്റയുടെ കഴുത്തില്‍ ഹൈബി മിന്നുകെട്ടി.

ഇന്ന് വൈകീട്ട് കലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ വച്ചാണ് ഹൈബി അന്ന ലിന്റയെ താലിചാര്‍ത്തിയത്. വാരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ വിവാഹചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസല്‍ക്കാര ചടങ്ങില്‍ കേന്ദ്രമന്ത്രി കെവി.തോമസ്, സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.ബാബു, കെ.ബി. ഗണേഷ്‌കുമാര്‍, എംഎല്‍എമാരായ ബെന്നി ബഹന്നാന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഇരുപത്തിയേഴുകാരനായ ഹൈബി ഈഡന്‍ മുന്‍ എംപിയും പരേതനായ ജോര്‍ജ് ഈഡന്റെയും പരേതയായ റാണിയുടെയും മകനാണ്്്. ടിനുവാണ് ഏക സഹോദരി. ഗുരുവായൂര്‍ താമരയൂരില്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്റെയും ജാന്‍സിയുടേയും മകളാണ് അന്ന ലിന്റ.