ഹൈക്കമാന്‍ഡില്‍ മുട്ടി ചെന്നിത്തല മടങ്ങും

ദില്ലി: യുഡിഎഫ് മന്ത്രി സഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ വാതില്‍ രമേശ്‌ചെന്നിത്തലക്കായി തുറക്കാനുള്ള സാധ്യത മങ്ങുന്നു. ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ 2 ദിവസമെങ്കിലും എടുക്കുമെന്നാണ് സൂചന. ഇന്ന് ദില്ലിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഈ ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല എന്ന നിലപാടാണ് സോണിയയുടേത്.

കോണ്‍ഗ്രസ്സില്‍ 2 അധികാരകേന്ദ്രങ്ങള്‍ ഉണ്ടാവുന്നത് ഗുണകരമാവില്ല എന്നതാണ് ഹൈകമാന്‍ഡിന്റെ വിലയിരുത്തല്‍. മാത്രമല്ല യുഡിഎഫ്ിലെ പ്രധാന ഘടകക്ഷിയായ മുസ്ലീംലീഗിന്റെ എതിര്‍പ്പും ഹൈകാമന്‍ഡിനെ സ്വാധീനിച്ചിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു തീരുമാനം വരികയാണെങ്കില്‍ അത് വീണ്ടും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ വലിയൊരു ഗ്രൂപ്പ് യുദ്ധത്തിന് വഴിതെളിയിക്കും എന്നതിന് സംശയമില്ല.

കാലവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പ്രധാന പാര്‍ട്ടിതന്നെ അഭ്യന്തര പ്രതിസന്ധിയില്‍ ഉഴലുകയും ഭരണം നിശ്ചലമാവുകയും ചെയ്യുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.