ഹെല്‍മറ്റ്‌ ധരിക്കാത്തവര്‍ക്ക്‌ ഇനി പെട്രോളില്ല

ഹെല്‍മറ്റ്‌ ധരിക്കാതെയും മൂന്ന്‌ യാത്രക്കാരുമായും വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക്‌ പെട്രോള്‍ നല്‍കാന്‍ പാടില്ലെന്ന ജില്ലാ പൊലീസ്‌ മേധാവിയുടെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാതല റോഡ്‌ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നിയമം ലംഘിച്ചെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക്‌ ഇന്ധനം നല്‍കുന്ന പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മലപ്പുറം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ടെസ്റ്റിന്‌ വരുന്നവര്‍ക്കായി കണ്ണ്‌ പരിശോധനാ മെഷീന്‍ സ്ഥാപിക്കുന്നതിന്‌ റോഡ്‌ സുരക്ഷാ കമ്മീഷനറുടെ അനുമതി തേടി. മൂന്ന്‌ ലക്ഷം വില കണക്കാക്കുന്ന മെഷീന്‍ സ്ഥാപിക്കുന്നതോടെ ലൈസന്‍സ്‌ പുതുക്കാന്‍ വരുന്നവര്‍ക്ക്‌ സൗജന്യമായി കണ്ണ്‌ പരിശോധനയ്‌ക്കുള്ള അവസരം നല്‍കുകയാണ്‌ ലക്ഷ്യം. കുറ്റിപ്പുറം മിനി പമ്പയ്‌ക്കു സമീപം ഹൈവേ ജങ്‌ഷനില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിന്‌ ദേശീയ പാത കൊടുങ്ങല്ലൂര്‍ ഡിവിഷന്‌ കത്ത്‌ നല്‍കും.
റോഡുകളില്‍ അനധികൃതമായി കൂട്ടിയിട്ട മരങ്ങള്‍ പൊലീസ്‌ സഹായത്തോടെ ഒഴിപ്പിച്ച്‌ അടുത്ത റോഡ്‌ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനു മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ താലൂക്ക്‌ തഹസില്‍ദാര്‍മാര്‍ക്ക്‌ കലക്‌ടര്‍ നിര്‍ദേശം നല്‍കി.
റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്‌, പൊലീസ്‌ എന്നിവരോട്‌ കലക്‌ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ആര്‍.ടി.ഒ. എം.പി. അജിത്‌കുമാര്‍, പൊലീസ്‌- ദേശീയപാത- പൊതുമരാമത്ത്‌ റോഡ്‌സ്‌ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.