ഹാഫിസ് സയ്യിദിനെതിരെ ഇന്ത്യ വ്യക്തമായ തെളിവുകള്‍ നല്‍കിയില്ല; പാക്കിസ്ഥാന്‍.

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണകേസിലെ പ്രതിയായ ലഷ്‌കറി ത്വയിബ തലവന്‍ ഹാഫിസ് സയ്യിദിനെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയില്ലെന്ന് പാക്കിസ്ഥാന്‍. ഹാഫിസ് സയ്യിദിനെതിരെ തെളിവുകള്‍ നല്‍കി എന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. എം കൃഷ്ണയുടെ പ്രസ്താവന ശരിയല്ലെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
എസ്.എം കൃഷ്ണ ബാംഗ്ലൂരില്‍ നടത്തിയ പ്രസ്താവനയോട് പാക്കിസ്ഥാന്‍ വിദേശകാര്യവകുപ്പ് പ്രതികരിച്ചത് സയ്യിദിനെതിരെ ഇന്ത്യ ശക്തവും ഗൗരവതരവുമായ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ നടപടിയെടുക്കാനാകൂ എന്നായിരുന്നു. മുംബൈ ഭീകരാക്രമത്തിന്റെ ഗൂഢാലോചനയില്‍ ഹാഫിസ് സയ്യിദിനുള്ള പങ്കിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പാക്കിസ്ഥാനു നല്‍കിയെന്ന് എസ്. എം. കൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
രണ്ടുദിവസം മുമ്പ് ഹാഫിസ് സയ്യിദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.