‘ഹരിത തെരഞ്ഞെടുപ്പ്‌’: കോട്ടപ്പടിയില്‍ നാളെ സൗഹൃദ ഫുട്‌ബോള്‍ മത്സരം

പൊതുജനങ്ങളില്‍ ജനാധിപത്യ ബോധം ഉയര്‍ത്തുന്നതിന്‌ ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തുന്നു. നാളെ (മെയ്‌ എട്ട്‌) വൈകീട്ട്‌ 5.30 ന്‌ മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ മൈതാനിയിലാണ്‌ മത്സരം. മലപ്പുറം ഇലവനും കേരള പൊലീസും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ കേരള പൊലീസിനു വേണ്ടി പ്രമുഖ താരങ്ങളായ ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍ എന്നിവരും മലപ്പുറം ഇലവനു വേണ്ടി സെന്‍ട്രല്‍ എക്‌സൈസ്‌ താരം റഫീഖ്‌ ഹസന്‍, കെ.എസ്‌.ഇ.ബി. താരം സുരേന്ദ്രന്‍ മങ്കട, സൂപ്പര്‍ അഷ്‌റഫ്‌ എന്നിവരും ബൂട്ടണിയും. ‘ഹരിത നിയമസഭാ തെരഞ്ഞെടുപ്പ്‌’ പ്രചാരണവും ‘വോട്ടു ചെയ്യൂ, ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകൂ’ സന്ദേശ പ്രചാരണവും മത്സര ലക്ഷ്യമാണ്‌.