ഹജ്ജ് നറുക്കെടുപ്പ് മെയ് 15 ന്.

മുബൈ : ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് മെയ് 15 ന് നടത്താന്‍ തീരുമാനിച്ചു. മുബൈയില്‍ നടന്ന കേന്ദ്ര ഹജ്ജ് കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്.

മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 16 വരെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കും. ഫിബ്രവരി അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കും. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുസഹിതമാണ് ഈ വര്‍ഷം ഹജ്ജ് അപേക്ഷ സ്വീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്‌പോര്‍ട്ടും 51000 രൂപ അടച്ച രശീതിയും ജൂണ്‍ 15നകം ഹാജരാക്കണം.

70 വയസ്സ് കഴിഞ്ഞവര്‍ക്കും തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. നേരത്തെ ഹജ്ജ് നിര്‍വ്വഹിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ അവസരം നല്‍കുക.

സെപ്റ്റംബര്‍ 19നാണ് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പ്രൊഫ. എ.കെ.അബ്ദുള്‍ ഹമീദ് പങ്കെടുത്തു.