സൗമ്യ വധക്കേസിൽ പുന:പരിശോധന ഹരജി മാറ്റി;ജസ്റ്റിസ് കട്ജു നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈകോടതി നൽകിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹരജി പരിഗണിക്കുന്നത് നവംബർ 11ലേക്ക് മാറ്റി. കേരളാ സർക്കാറും സൗമ്യയുടെ അമ്മ സുമതിയും നൽകിയ ഹരജികളാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് മാറ്റിവെച്ചത്. കേസിൽ സംസ്ഥാന സർക്കാരിനായി ഹാജരായ അറ്റോർണി ജനറലിനോട് മുമ്പ് ഉന്നയിച്ച ചോദ്യങ്ങൾ മൂന്നംഗ ബെഞ്ച് ആവർത്തിച്ചു. വൈകിട്ട് മൂന്നേകാലിന് ആരംഭിച്ച വാദം ഒന്നേകാൽ മണിക്കൂറോളം നീണ്ടു.

വിധിയെ വിമർശിച്ച് സുപ്രീംകേടതി മുൻ ജഡ്ജി ജസ്റ്റിസ് മർക്കണ്ഡേയ കട്ജുവിെൻറ ഫേസ്ബുക് പോസ്റ്റ് റിവ്യൂഹരജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കേസ് പരിഗണിക്കുന്ന വേളയിൽ കട്ജുവിനോട് നേരിട്ട് കോടതിയിൽ ഹാജരായി വിധിയിലെ തെറ്റുകൾ സംബന്ധിച്ച് വിശദീകരണം നൽകാനും സുപ്രീംകോടതി നിർദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കട്ജുവിന് നോട്ടീസ് പുറപ്പെടുവിച്ചു. ദീപാവലിക്കു ശേഷം കട്ജുവുമായി സംവാദമാകാമെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ ജീവപര്യന്തമാക്കിയ വിധിയിൽ സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്നായിരുന്നു കട്ജുവിന്‍റെ പോസ്റ്റ്.

ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പ്രതിയുടെ വധശിക്ഷ  ജീവപര്യന്തമാക്കി വിധി പുറപ്പെടുവിച്ചത്. അതേസമയം, ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ നൽകിയ വിചാരണക്കോടതിയുടെയും ഹൈേകാടതിയുടെയും തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.