സൗദിയില്‍ വേലക്കാരികളെ ഷോപ്പിങ്‌ മാളില്‍ പ്രദര്‍ശിപ്പിച്ച കമ്പനികള്‍ക്കെതിരെ നടപടി

Untitled-1 copyറിയാദ്‌: വീട്ടുവേലക്കാരികളെ ഷോപ്പിങ്‌ മാളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിക്ക്‌ നല്‍കുന്നതിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച റിക്രൂട്ടിങ്‌ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയ വക്താവ്‌ ഖാലിദ്‌ അബല്‍ഖൈല്‍ പറഞ്ഞു.

മന്ത്രാലയത്തിന്റെ അനുമതിയുള്ള റിക്രൂട്ടിങ്‌ കമ്പനികള്‍ക്ക്‌ വേലക്കാരെ മാസ വ്യവസ്ഥയിലോ മണിക്കൂര്‍ വ്യവസ്ഥയിലോ കരാറടിസ്ഥാനത്തില്‍ നല്‍കാന്‍ അനുവാദമുണ്ട്‌. എന്നാല്‍ വേലക്കാരെ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം അനുവദിക്കില്ല.

കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാനിലെ ഷോപ്പിങ്‌ മാളില്‍ മൂന്ന്‌ വേലക്കാരികളെ പ്രദര്‍ശിപ്പിച്ച്‌ പിന്നില്‍ കമ്പനിയുടെ ബാനര്‍ സ്ഥാപിച്ച്‌ കരാര്‍ ഉറപ്പിക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാനും നടപടി എടുക്കാനും അധികൃതര്‍ മുന്നോട്ടുവന്നത്‌.