സൗദിയില്‍ വീട്ടു വേലക്കാരെ വില്‍ക്കുകയോ കൈമാറുകയോ ചെയ്താല്‍10 ലക്ഷം റിയാല്‍ പിഴ;15 വര്‍ഷം തടവ്

Untitled-1 copyറിയാദ്: വീട്ടുവേലക്കാരെ വില്‍ക്കുകയോ അനധികൃതമായി വാടകയ്ക്ക് നല്‍കുകയോ ചെയ്താല്‍ കടുത്ത ശിക്ഷലഭിക്കുമെന്ന് സൗദി തൊഴില്‍,സാമൂഹ്യക്ഷേമ മന്ത്രാലയം. തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്’ സംവിധാനത്തിലൂടെയല്ലാതെ വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യുകയോ താല്‍ക്കാലികമായി വാടകയ്ക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം തടവോ പത്തുലക്ഷം റിയാല്‍ പിഴയോ ശിക്ഷ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ.മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫാലിഹ് പറഞ്ഞു.

റമദാന്‍ അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ തൊഴില്‍ വിപണിയില്‍ വീട്ടുവേലക്കാര്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം ഉപയോഗപ്പെടുത്താന്‍ വേലക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും പത്രങ്ങളിലും ഇതര മാധ്യമങ്ങളിലും പരസ്യം ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളുടെ സ്രോതസുകളും നിയമസാധുതയും അന്വേഷിക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുന്നതിന് പൊതുസുരക്ഷ വിഭാഗവും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ധാരണയിലായിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനോ താല്‍കാലിക കാലത്തേക്ക് വാടകക്ക് എടുക്കാനോ ഉദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്’ സംവിധാനം വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. വിശദീകരണം ആവശ്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്‍െറ 19911 എന്ന നമ്പര്‍ വഴിയോ www.mol.gov.sa എന്ന വെബ്സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 989 എന്ന നമ്പറിലും ബന്ധപ്പെടാം.