സൗദിയില്‍ നിതാഖത് ഇളവ് കഴിഞ്ഞു; പ്രവാസികളുടെ കൂട്ടമടക്കം

സൗദി : നിതാഖത് സമയപരിധി അവസാനിച്ചതോടെ അനധികൃതമായി സൗദിയില്‍ തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. അനധികൃതമായി സൗദിയില്‍ തുടരുന്നവര്‍ക്കായി അനുവദിച്ച പൊതുമാപ്പ് നീട്ടില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍കിര്‍ക്കി അറിയിച്ചു.

രേഖകള്‍ ശരിയാക്കാതെ നിയമവിധേയരായ പ്രവാസികള്‍ക്ക് കീഴടങ്ങാനായി ഒരാഴ്്ച വരെ സമയം നീട്ടികൊടുത്തിട്ടുണ്ട് . ഇങ്ങനെ കീഴടങ്ങുന്നവര്‍ക്ക് നാടുകടത്തല്‍ ശിക്ഷ മാത്രമേ നല്‍കുന്നൊള്ളൂവെന്ന് സൗദി ഗവണ്‍മെന്റ് അറിയിച്ചു. ഇക്കാമയില്ലാത്തവരെയും സ്‌പോണ്‍സര്‍മാരില്‍ നിന്ന് മാറി ജോലി ചെയ്യുന്നവരെയും പിടികൂടി ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്യും. അതേ സമയം അനധികൃത താമസക്കാര്‍ക്ക് സഹായം നല്‍കുന്നവരെയും ശിക്ഷിക്കും. തൊഴിലിടങ്ങളിലും നഗരങ്ങളിലും മെട്രോ ട്രെയിനുകളിലും പരിശോധനയുണ്ടായിരിക്കും. വനിതാ ഉദേ്യാഗസ്ഥരടക്കം പരിശീലനം നേടിയ ഉദേ്യാഗസ്ഥര്‍ തിരച്ചിലിന് നേതൃത്വം നല്‍കും.

സൗദി അറേബ്യയില്‍ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ഇതു വരെയും രേഖകള്‍ നിയമവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. വീടുകളില്‍ കയറി പരിശോധിക്കില്ലെന്നും പരിശോധകരെന്ന വ്യാജേനേ വീടുകളില്‍ എത്തുന്നവരെ കയറ്റരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതെസമയം നിതാഖാത് സമയ പരിധി അവസാനിച്ചതോടെ സൗദിയില്‍ നിന്ന് കൂട്ടത്തോടെ നാട്ടിലേക്ക് മടക്കം ആരംഭിച്ചിട്ടുണ്ട്.