സൗദിയില്‍ ഇന്ത്യന്‍ വീട്ടു ജോലിക്കാരിയുടെ കൈ വെട്ടിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

sushma-swarajദില്ലി: സൗദി അറേബ്യയില്‍ വീട്ടുജോലിക്കായി പോയ തമിഴാനാട്‌ സ്വദേശിനിയുടെ കൈവെട്ടിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഈ നടപടി ഒരിക്കലും അംഗീരിക്കാനാവില്ലെന്നും ഈ വാര്‍ത്ത വളരെയധികം വേദനിപ്പിക്കുന്നതും ക്രൂരവുമാണെന്ന്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ ട്വിറ്ററിലൂടെ പ്രതികരിച്ചു.

രണ്ട്‌ മാസം മുമ്പാണ്‌ വീട്ടു ജോലിക്കായി തമിഴ്‌നാട്‌ ആര്‍ക്കാട്‌ സ്വദേശിനി കട്‌പാടി മുങ്കിലേരി കസ്‌തൂരി മുനിരത്‌നം സൗദി അറേബ്യയിലേക്ക്‌ പോയത്‌. ഇവിടെ ക്രൂരമായ പീഡനത്തിന്‌ ഇരയാകേണ്ടി വന്നു. ആദ്യം ദമാമിലായിരുന്നു ഇവര്‍ ജോലി ചെയ്‌തിരുന്നത്‌. പിന്നീട്‌ സ്‌ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക്‌ ജോലിക്കായി മാറ്റുകായായിരുന്നു. പീഡനത്തെ തുടര്‍ന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ ഇവര്‍ ആക്രമണത്തിന്‌ ഇരയായത്‌. ഫ്‌ളാറ്റിലെ ജനല്‍ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്ക്‌ ചാടിയ ഇവരെ വീട്ടുടമ ആക്രമിക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കസ്‌തൂരിയെ സന്ദര്‍ശിച്ച്‌ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. പരാതിയെ തുടര്‍ന്ന്‌ അല്‍സഹാഫ പോലീസ്‌ സൗദി ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോക്ക്‌ കേസ്‌ കൈമാറിയതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.