സൗദിയില്‍ അടിവസ്ത്രം വില്‍ക്കുന്ന കടയില്‍ സ്ത്രീകളെ നിയമിക്കണം.

റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകളുടെ അടിവസ്ത്രം വില്‍ക്കുന്ന കടകളില്‍ സെയില്‍സ് ഗേളുമാരെ നിയമിക്കണം എന്ന നിയമം വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷം ജൂണില്‍ അബ്ദുള്ള രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും രാജ്യത്തെ ഉന്നത പുരോഹിതരുടെ എതിര്‍പ്പ് കാരണം നീണ്ടു പോകുകയായിരുന്നു.

അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സെയില്‍സ് ഗേളുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സൗദിയിലെ സ്ത്രീകള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഇതിനായി കൂട്ടായ്മയും ഒരുക്കിയിരുന്നു.

7300 ചില്ലറ വില്‍പന ശാലകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. നാല്‍പതിനായിരത്തോളം സ്ത്രീകള്‍ക്ക് ജോലി ലഭിക്കും. എന്നാല്‍ ഇത്തരം കടകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളായ പുരുഷന്മാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും.