സ്‌നാപ്‌ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച്‌ പേര്‍ അറസ്റ്റില്‍

SNAPDEALഗാസിയബാദ്‌: സ്‌നാപ്‌ഡീല്‍ ജീവനക്കാരിയായ ദീപ്‌തി സര്‍നയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച്‌ പേരെ അറസ്റ്റുചെയ്‌തു. യുവതിയെ തട്ടിക്കൊണ്ടുപോകലിന്‌ ലനേതൃത്വം നല്‍കിയത്‌ ഹരിയാന ജയിലില്‍ നിന്ന്‌ രക്ഷപ്പെട്ട മനോരോഗിയായ ദേവേന്ദ്രയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇയാള്‍ പലതവണ ദീപ്‌തിയെ ശല്യം ചെയ്‌തതായി പോലീസിന്‌ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. സംഭവത്തില്‍ പിടിയിലായ അഞ്ചുപേരും ഹരിയാന സ്വദേശികളാണ്‌. ഷാരൂഖ്‌ ഖാന്‍ അഭിനയിച്ച ഡര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്ന്‌ പോലീസ്‌ പറയുന്നു.

ദീപ്‌തി ജോലികഴിഞ്ഞ്‌ ഗുര്‍ണിലെ സ്‌നാപ്‌ഡീല്‍ ഓഫീസില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങുന്നവഴിയാണ്‌ കഴിഞ്ഞ പത്താം തിയ്യതി തട്ടിക്കൊണ്ടുപോയത്‌. ഗുര്‍ജണില്‍ നിന്നും വൈശാലി മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങി വീട്ടിലേക്ക്‌ പോകുന്നതിനായി ഓട്ടോയില്‍ കയറിയ ദീപ്‌തിയെ മറ്റുനാലുപേര്‍ ചേര്‍ന്നാണ്‌ തട്ടിക്കൊണ്ടുപോയത്‌. ഓട്ടോ ഡ്രൈവര്‍ തന്നെ വഴിതെറ്റിച്ചു കൊണ്ടുപോകുന്നതായി ദീപ്‌തി എസ്‌എംഎസ്‌ അയച്ചിരുന്നു. തുടര്‍ന്ന്‌ സ്‌നാപ്‌ഡീല്‍ തന്നെയാണ്‌ ദീപ്‌തിയെ കാണാതായ വിവരം ട്വിറ്ററിലൂടെ അറിയിച്ചതും പോലീസില്‍ പരാതി നല്‍കിയതും.

സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പങ്കുള്ളതായാണ്‌ വിവരം. രണ്ടുദിവസങ്ങള്‍ക്ക്‌ ശേഷം പ്രതികള്‍ ദീപ്‌തിയെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. യാത്രചെലവിനായി നൂറുരൂപയും നല്‍കി. തട്ടിക്കൊണ്ടുപോയവര്‍ കഴിക്കാന്‍ ഭക്ഷണവും വെള്ളവും നല്‍കിയതായും സംരക്ഷിക്കുകയും ചെയ്‌തെന്നും ശാരീരികമായോ മാനസികമായോ തന്നെ ഉപദ്രവിച്ചില്ലെന്നും ദീപ്‌തി പോലീസില്‍ മൊഴി നല്‍കി.