സ്‌ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം : കോളെജുകള്‍ക്ക്‌ ട്രോഫി

പ്രവാസി – സര്‍വീസ്‌ വോട്ട്‌ ഉറപ്പാക്കാനും പ്രചാരണം
ജില്ലയില്‍ വോട്ടിങ്‌ ശതമാനത്തില്‍ സ്‌ത്രീ – പുരുഷ അനുപാതത്തിലുള്ള വ്യത്യാസം കുറയ്‌ക്കുന്നതിനും പൊതുവായി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഏപ്രില്‍ 19 വരെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. സിസ്റ്റമാറ്റിക്‌ വോട്ടേഴ്‌സ്‌ എജുക്കേഷന്‍ ആന്‍ഡ്‌ ഇലക്‌റ്ററല്‍ പാര്‍ടിസിപേഷന്‍ എ (സ്‌വീപ്‌) ന്റെ ഭാഗമായാണ്‌ വോട്ടര്‍ പട്ടികയില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതിയായ ഏപ്രില്‍ 19വരെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രചാരണങ്ങള്‍ നടത്തുന്നത്‌. അസി. കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍ നേതൃത്വം നല്‍കും.
സ്‌വീപ്‌ എക്‌സലന്‍സ്‌ ട്രോഫി : യുവ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ത്തുന്നതിനായി എല്ലാ കോളെജുകളിലും തെരഞ്ഞെടുപ്പ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ രജിസ്റ്റര്‍ ചെയ്‌ത കോളെജിനും വോട്ട്‌ ചെയ്‌ത കോളെജിനും ‘സ്‌വീപ്‌ എക്‌സലന്‍സ്‌ ട്രോഫി’ നല്‍കുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്‌ത്രീകളുടെ വോട്ടിങ്‌ ശതമാനം കുറവായിരുന്ന വേങ്ങര, തിരൂരങ്ങാടി, മലപ്പുറം, കൊണ്ടോട്ടി, വള്ളിക്കുന്ന്‌ മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ബന്ധപ്പെട്ട റിട്ടേണിങ്‌ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്‌മാര്‍ എന്നിവര്‍ പ്രചാരണത്തില്‍ പങ്കാളികളാകും.
പ്രവാസി – സര്‍വീസ്‌ വോട്ടര്‍മാര്‍ : പ്രവാസി വോട്ടര്‍മാര്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനായി പ്രവാസി സംഘടനകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ജില്ലാ കലക്‌ടറുടെ ഫേസ്‌ ബുക്ക്‌ പേജിലൂടെയും വിദേശ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. ഇതുവരെ 3581 പ്രവാസികള്‍ മാത്രമാണ്‌ പട്ടികയിലുള്ളത്‌. കര – നാവിക – വ്യോമസേനയിലും അനുബന്ധ മേഖലകളിലും മറ്റ്‌ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന സര്‍വീസ്‌ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. ഇതുവരെയുള്ള കണക്ക്‌ പ്രകാരം 2,262 സര്‍വീസ്‌ വോട്ടര്‍മാരാണ്‌ പട്ടികയിലുള്ളത്‌.
സ്‌വീപ്‌ യോഗം ഇന്ന്‌ : വോട്ടര്‍മാരുടെ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള പരിപാടികളുടെ ഭാഗമായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന്‌ (ഏപ്രില്‍ രണ്ട്‌) രാവിലെ 10.30ന്‌ കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ ചേരും. കോളെജ്‌ പ്രിന്‍സിപ്പല്‍മാര്‍, യൂനിയന്‍ ചെയര്‍പേഴ്‌സന്മാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍, ബന്ധപ്പെട്ട റിട്ടേണിങ്‌ ഓഫീസര്‍മാര്‍, എ.ആര്‍.ഒമാര്‍, വകുപ്പ്‌ മേധാവികള്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.