സ്‌ത്രീകള്‍ നിയമത്തെക്കുറിച്ച്‌ ബോധവതികളാകണം : ഗവര്‍ണര്‍

Sathasivam_360സ്‌ത്രീകള്‍ക്ക്‌ തുല്യനീതി ഉറപ്പാക്കുന്ന നിരവധി ഭരണഘടനാ ഭേദഗതികള്‍ സംബന്ധിച്ച്‌ പലരും അജ്ഞരാണെന്നും നിയമത്തെക്കുറിച്ചുള്ള അവബോധമാണ്‌ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നും ഗവര്‍ണര്‍ ജസ്റ്റീസ്‌ പി. സദാശിവം. കോവളം ഹോട്ടല്‍ ഉദയ സമുദ്രയില്‍ പ്രഥമ ലിംഗസമത്വത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ത്രിദിന കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുന്ന പദ്ധതികളാണ്‌ ജന്‍ഡര്‍ പാര്‍ക്ക്‌ നടപ്പിലാക്കുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സ്‌ത്രീകളെ അവഗണിച്ചുകൊണ്ട്‌ ലോകത്ത്‌ ഒരു രാജ്യത്തിനും മുന്നേറാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച്‌ വൈകാതെ തന്നെ സീനിയര്‍ സിറ്റിസണ്‍ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത്‌,സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. സംസ്ഥാനത്തെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ അന്‍പത്തിനാല്‌ ശതമാനത്തോളം വനിതാ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ സ്‌ത്രീ ശാക്തീകരണ പ്രക്രിയയില്‍ കേരളം മുന്നിലാണെന്നതിനുള്ള തെളിവാണ്‌. മത്സരാര്‍ത്ഥികളില്‍ ഏറെയും കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌. പൂര്‍ണമായും സ്‌ത്രീകളുടെ നിയന്ത്രണത്തിലുള്ള ഷീ ബസ്‌, ഫുഡ്‌ ഓണ്‍ വീല്‍സ്‌ തുടങ്ങിയ പദ്ധതികളാണ്‌ ജന്‍ഡര്‍ പാര്‍ക്ക്‌ ഇനി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലിംഗ സമത്വത്തില്‍ കേരളം വളരെ മികച്ച നേട്ടം കൈവരിച്ചതായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നിരുന്നാലും കൂട്ടായ പരിശ്രമത്തിലൂടെ ഇനിയും മുന്നേറാനുണ്ട്‌. സര്‍ക്കാരിന്റെ ട്രാന്‍സ്‌ ജന്‍ഡര്‍ പോളിസി പുതിയ ചുവടുവയ്‌പ്പാണ്‌. ഐ.ടി വകുപ്പില്‍ സ്‌ത്രീ-പുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനിതാ സംരംഭകര്‍ക്കായി കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.