സ്‌ത്രീകള്‍ക്ക്‌ പ്രസവിക്കാന്‍ മാത്രമേ കഴിയൂ: ലിംഗ സമത്വം പ്രകൃതി വിരുദ്ധം;കാന്തപുരം

Story dated:Saturday November 28th, 2015,04 46:pm
sameeksha sameeksha

മലപ്പുറം: ലിംഗസമത്വം ഇസ്ലാമിനും സമൂഹത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന്‌ സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ജനറല്‍ കാനന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. സ്‌ത്രീകള്‍ പുരുഷനെ അപേക്ഷിച്ച്‌ കഴിവു കുറഞ്ഞവരാണെന്നും സ്‌ത്രീകളെ പൊതുഭരണം ഏല്‍പ്പിച്ചാല്‍ നാട്‌ തകരുമെന്ന വിവാദ പ്രസ്‌താവനയ്‌ക്ക്‌ ശേഷം വീണ്ടും സ്‌ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ കാന്തപുരം.

ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണെന്നും സ്‌ത്രീകള്‍ക്ക്‌ പ്രസവിക്കാന്‍ മാത്രമേ കഴിയു എന്നു കാന്തപുരം പറഞ്ഞു. സ്‌ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്‌. ആണും പെണ്ണും തുല്യരാണെന്ന്‌ തെളിയിക്കാന്‍ കഴിയുമോ എന്നും അതിന്‌ ധൈര്യമുണ്ടോ എന്നും കാന്തപുരം ചോദിച്ചു. വലിയ ഹൃദയ ശസ്‌ത്രക്രിയ നടത്താന്‍ പറ്റിയ വനിതാ ഡോക്ടര്‍മാരുണ്ടോ എന്നു കാന്തപുരം ചോദിച്ചു.

മദ്രസ്സകളില്‍ പീഡനമുണ്ടെന്ന ആരോപണത്തിന്‌ തെളിവുണ്ടോ എന്നും കാന്തപുരം ചോദിച്ചു. എസ്‌ എസ്‌ എഫ്‌ ജില്ലാ സമ്മേളന ക്യാമ്പില്‍ സംസാരിക്കവെയാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.