സ്‌ത്രീകളെ 50% സ്റ്റുകളില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ വോട്ട്‌ നോട്ടയ്‌ക്ക്‌;സ്‌ത്രീകൂട്ടായ്‌മ

കോഴിക്കോട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകളില്‍ സ്‌ത്രീകളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെങ്കില്‍ നിഷേധവോട്ട്‌ ചെയ്യുമെന്ന്‌ സ്‌ത്രീപക്ഷ സാംസ്‌ക്കാരിക കൂട്ടായ്‌മ. ലിംഗനീതിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പെണ്‍കൂട്ടായിമ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ പ്രചരണം തുടങ്ങുമെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ പുരുഷ വോട്ടര്‍മാരെക്കാള്‍ സ്‌ത്രീ വോട്ടര്‍മാരാണ്‌ കൂടുതലുള്ളത്‌. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്‌ത്രീ പ്രാതിനിധ്യം വെറും 10 ശതമാനം മാത്രമാണ്‌. 140 മണ്ഡലങ്ങളുള്ള കേരളത്തില്‍ പൂജ്യം മുതല്‍ 12 വരെയാണ്‌ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്‌ത്രീ പ്രാതിനിധ്യം. ഇക്കാര്യത്തില്‍ ഒരുമാറ്റം വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കോഴിക്കോട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

കഴിവും അനുഭവസമ്പത്തുമുള്ള ഒട്ടേറെ സ്ത്രീകള്‍ ഇവിടെയുണ്ട്. എന്നാല്‍ മുഖ്യധാരാ പാര്‍ട്ടികള്‍ അവര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. നിലവില്‍ തന്നെ ജയസാധ്യത കുറഞ്ഞ മണ്ഡലമാണ് പലരും സ്ത്രീകള്‍ക്കായി മാറ്റിവെച്ചത്. സ്ത്രീകളെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിത്. ഇതിനെതിരെ ലിംഗഭേദമന്യേ എല്ലാവരും രംഗത്തുവരണം. എഴുത്തുകാരി ദീദി ദാമോദരന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേര്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഡോ. പി. ഗീത, ഡോ. ജാന്‍സി ജോസ്, അഡ്വ. സുധ ഹരിദ്വാര്‍, എം. സുല്‍ഫത്ത്, ദിവ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles