സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ്‌ക്കായി ഓപ്പറേഷന്‍ ഹെല്‍ത്ത്‌ കെയര്‍ തുടങ്ങി

Operation Health Care launch2അപകടകാരികളായ ചേരുവകളുള്ള ഭക്ഷ്യവസ്‌തുക്കള്‍ രാജ്യത്തു വിറ്റഴിക്കപ്പെടുന്നു എന്നു വ്യക്തമായ സാഹചര്യത്തില്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി കേരള വനിതാക്കമ്മിഷന്‍ ഓപ്പറേഷന്‍ ഹെല്‍ത്ത്‌ കെയര്‍ എന്ന പേരില്‍ പ്രത്യേക പരിപാടിക്കു തുടക്കം കുറിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാക്കമ്മിഷന്റെ സഹകരണത്തോടെയാണു പരിപാടി നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ ഷോപ്പിങ്‌ മാളില്‍ കമ്മിഷന്‍ ഡയറക്ടര്‍ സക്കറിയ ജോര്‍ജ്ജിന്റെയും ഭക്ഷ്യസുരക്ഷാ കമ്മിഷനിലെ റിസര്‍ച്ച്‌ ഓഫീസര്‍ ജി. ഗോപകുമാറിന്റെയും നേതൃത്വത്തില്‍ സംയുക്തപരിശോധന നടത്തി.

ഉത്തര്‍പ്രദേശില്‍ നെസ്ലേയുടെ മാഗി നൂഡില്‍സില്‍ ലെഡ്ഡും അജിനോമോട്ടോയും കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ദേശവ്യാപകമായി അതിന്റെ വില്‌പന നിരോധിച്ച പശ്ചാത്തലത്തില്‍ സമാനമായ വസ്‌തുക്കള്‍ മറ്റുചില ഭക്ഷ്യസാധനങ്ങളിലും ഉണ്ടെന്ന്‌ പല വിദഗ്‌ദ്ധരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ സാഹചര്യത്തിലാണ്‌ ഇത്തരമൊരു ഇടപെടല്‍ തീരുമാനിച്ചതെന്നു വനിതാക്കമ്മിഷന്‍ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു.
`അമിതജോലിഭാരവും തിരക്കും ഏറെയുള്ള സ്‌ത്രീകളാണ്‌ ഇത്തരം റെഡി റ്റു ഈറ്റ്‌, റെഡി റ്റു കുക്ക്‌ ഭക്ഷ്യവസ്‌തുക്കളെ കൂടുതലും ആശ്രയിക്കുന്നത്‌. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വളരെവേഗം ബാധിക്കുന്നതും സ്‌ത്രീകളെയാണ്‌. കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം രോഗങ്ങളൂടെ ഇരകളും ആത്യന്തികമായി സ്‌ത്രീകളാണ്‌. ഭക്ഷണകാര്യങ്ങളില്‍ തീരുമാനം ഏടുക്കുന്നവര്‍ എന്ന നിലയിലും സ്‌ത്രീക്കു പ്രാധാന്യമുണ്ട്‌. ഇക്കാര്യങ്ങളില്‍ അവരെ ബോധവത്‌ക്കരിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്‌.` റോസക്കുട്ടിട്ടീച്ചര്‍ വിശദീകരിച്ചു. ഇത്തരം പ്രശനങ്ങള്‍ നിലനില്‌ക്കുന്നിടത്തോളംകാലം ഈ പ്രവര്‍ത്തനം സംസ്ഥാനവ്യാപകമായി തുടരുമെന്നും അവര്‍ പറഞ്ഞു.

ഫൂഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ സ്റ്റാന്‍ഡേഡ്‌ അതോറിറ്റി(FSSA)യുടെ ലൈസന്‍സുള്ള നിര്‍മ്മാതാക്കളുടെ ഉല്‌പന്നങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നും അതോറിറ്റിയുടെ അംഗീകാരമുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്‌ ലാബുകളില്‍ ഇവ പരിശോധിച്ചതിന്റെ ഫലം ഇത്തരം വസ്‌തുക്കള്‍ വില്‍ക്കുന്നവര്‍ സൂക്ഷിക്കണമെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ റ്റി.വി. അനുപമ അറിയിച്ചു. ഈ രേഖകള്‍ കാണാനുള്ള അവകാശം ഉപഭോക്താക്കള്‍ക്ക്‌ ഉണ്ടെന്നും വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ അവ കാണിക്കണമെന്നും അവര്‍ പറഞ്ഞു.

മറ്റു ഭക്ഷ്യവസ്‌തുക്കളില്‍ അപകടകാരികളായ വസ്‌തുക്കള്‍ ഇല്ലെന്ന്‌ ഉറപ്പാക്കാനുള്ള ആരോഗ്യ ഓഡിറ്റിങ്ങാണു നടത്തുന്നതെന്നും വ്യാപാരികളെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കാതെ ആയിരിക്കും ഇതു നടത്തുക എന്നും വനിതാക്കമ്മിഷന്‍ ഡയറക്ടര്‍ സക്കറിയ ജോര്‍ജ്ജ്‌ പറഞ്ഞു. ഉല്‌പന്നങ്ങള്‍ സംബന്ധിച്ച ഗുണനിലവാരരേഖകള്‍ സൂക്ഷിക്കുന്ന വ്യാപാരികള്‍ക്കെതിരെ ഒരുതരം നടപടിയും ഉണ്ടാകില്ലെന്നും നിയമം ലംഘിക്കുന്ന ഉല്‌പാദകരുടെ പേരിലായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ഷോപ്പിങ്‌ മാളിലെ ഹെല്‍ത്ത്‌ ഓഡിറ്റില്‍ മാഗി നൂഡില്‍സ്‌ കണ്ടെത്തിയില്ല. മറ്റു മൂന്നു വ്യതസ്‌ത ബ്രാന്‍ഡുകളുടെ രണ്ടുവീതം സാമ്പിളുകള്‍ ശേഖരിച്ചു. ഇവ ലാബുകളില്‍ വിശദമായി പരിശോധിക്കും. പരിശോധനയില്‍ കമ്മിഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.വി. അരുണ്‍ രാജ്‌, സുബ്‌ ഇന്‍സ്‌പെക്ടര്‍ കെ.കെ. രമണി, എന്നിവരും സിവില്‍ പൊലീസ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു.