സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 24 ശതമാനത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍

schoolജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 24.14 ശതമാനം പേരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ആരോഗ്യ പരിശോധനയിലെ കണ്ടെത്തല്‍. 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച്‌ വരെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ 4,86,527 വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ 1,17,483 പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്‌.
9.53 ശതമാനം കുട്ടികള്‍ക്ക്‌ ചര്‍മം, 14.65 ശതമാനം പേര്‍ക്ക്‌ പല്ല്‌ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളും 11.37 ശതമാനത്തിന്‌ വിളര്‍ച്ചയും 6.11 ശതമാനം പേര്‍ക്ക്‌ തൂക്കക്കുറവുമാണ്‌ പ്രശ്‌നങ്ങള്‍. മറ്റ്‌ അസുഖങ്ങള്‍ നേരിടുന്നവര്‍ (ബ്രാക്കറ്റില്‍ ശതമാനം): കാഴ്‌ച വൈകല്യം (4.44), ശ്വാസകോശ രോഗങ്ങള്‍ (2.90), ഇ.എന്‍.ടി. പ്രശ്‌നങ്ങള്‍ (2.84), അമിതവണ്ണം (1.11), ആര്‍ത്തവ സമയത്തെ വേദന (1.87), ക്രമരഹിതമായ ആര്‍ത്തവം (1.87), മൂത്രാശയ രോഗങ്ങള്‍ (2.01).
ഇതുകൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം, ലൈംഗിക ചൂഷണം, കൗമാര ഗര്‍ഭധാരണം, പ്രകൃതിവിരുദ്ധ ലൈംഗികത, മാനസിക പിരിമുറുക്കം, ആത്മഹത്യ പ്രവണത തുടങ്ങിയവയും കൊഴിഞ്ഞുപോക്കും വര്‍ധിച്ചുവരുന്നതായി പരിശോധനയില്‍ കണ്ടെത്തി.

വിദ്യാര്‍ഥികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്‌ ദേശീയ ആരോഗ്യ ദൗത്യം മുഖേന ജില്ലയില്‍ 130 ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നെഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ജില്ലയിലെ 536 സ്‌കൂളുകളിലാണ്‌ ഇതിനകം സ്‌കൂള്‍ ആരോഗ്യ പരിപാടി നടപ്പാക്കിയത്‌. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ രോഗ ചികിത്സാ- പ്രതിരോധ സേവനങ്ങള്‍ക്ക്‌ പുറമെ കൗണ്‍സലിങും ഡോക്യുമെന്റേഷനും ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നെഴ്‌സുമാര്‍ വഴി നല്‍കുന്നുണ്ട്‌. സര്‍ക്കാര്‍- എയ്‌ഡഡ്‌ സ്‌കൂളുകള്‍, അങ്കണവാടികള്‍, സ്‌പെഷല്‍ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയില്‍ വരും. 2016 മാര്‍ച്ച്‌ വരെ ജില്ലയിലെ 33474 അങ്കണവാടി കുട്ടികളെയും നെഴ്‌സുമാര്‍ വഴി ആരോഗ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു.