സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; ഒഴിവായത് വന്‍ദുരന്തം.

തിരൂരങ്ങാടി: നിയന്ത്രണം വിട്ട സ്‌കൂള്‍ബസ് മതില്‍ തകര്‍ത്ത് കാറിലിടിച്ചു. കവുങ്ങില്‍ തടഞ്ഞ് നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. അരിയല്ലൂര്‍ ഈസ്റ്റ് എഎല്‍പി സ്‌കൂളിന്റെ ബസ് ബുധനാഴ്ച രാവിലെ 9.30ന് ചെര്‍ണൂര്‍ പാപ്പനൂരിലാണ് അപകടത്തില്‍പെട്ടത്. മതിലിലും കവുങ്ങിലും തടഞ്ഞതിനാലാണ് പത്തടിയോളം താഴ്ചയിലേക്ക് പതിക്കാതെ രക്ഷപ്പെട്ടത്. ഇതിന്‍രെ തൊട്ടടുത്ത് കുളവുമുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാരപരിക്കേറ്റു.

പഴക്കമുള്ള സ്‌കൂള്‍ബസ് നേരത്തെയും രണ്ടുതവണ അപകടത്തില്‍പ്പെട്ടതായി രക്ഷിതാക്കള്‍ പറഞ്ഞു. പിടിഐ യോഗത്തില്‍ ബസ് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിും മാറ്റിയിട്ടില്ല. പാപ്പനൂര്‍, ചെര്‍ണൂര്‍, കൊടക്കാട് ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം കുട്ടികള്‍ കയറിയ ബസാണ് അപകടത്തില്‍പെട്ടത്.