സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്‌ മെറിറ്റ്‌ ഉറപ്പാക്കും; സര്‍ക്കാര്‍ നയം തുടരും;മന്ത്രി കെകെ ഷൈലജ

Story dated:Sunday August 21st, 2016,12 19:pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്‌ മെറിറ്റ്‌ k k shylajaഉറപ്പാക്കുകയാണ്‌ സര്‍ക്കാറിന്റെ നയമെന്ന്‌ ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. അതെസമയം അഭിപ്രായഭിന്നതയെ തുടര്‍ന്ന്‌ സ്വാശ്രയമാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച അലസിപിരിഞ്ഞെങ്കിലും ഇനിയും ചര്‍ച്ചയ്‌ക്കുള്ള സാധ്യത അവസാനിപ്പിച്ചിട്ടില്ലെന്ന്‌ മന്ത്രി അറിയിച്ചു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ ജയിംസ്‌ കമ്മിറ്റി നാളെ അടിയന്തിരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. യോഗത്തില്‍ ഏകീകൃത കൗണ്‍സിലിന്റെ പ്രവേശന സമയക്രമം സംബന്ധിച്ച്‌ ധാരണയാകും. കൗണ്‍സിലിങ്ങ്‌ വേഗത്തില്‍ ആരംഭിക്കാനും നീക്കമാരംഭിച്ചു. സമയക്രമം സംബന്ധിച്ച്‌ വിശദാംശങ്ങള്‍ അറിയിക്കാന്‍ എന്‍ട്രന്‍സ്‌ പരീക്ഷാ കമ്മീഷണര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

പുതിയ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം 50 ശതമാനം സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലും 50 ശതമാനം മാനേജ്‌മെന്റ്‌ സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലുമായിരിക്കും ഇനി മുതല്‍ പ്രവേശനം നടത്തുക. ഇതിനിടെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്‌.