സ്വകാര്യ സര്‍വ്വകലാശാല തൃശ്ശുര്‍ രൂപതക്കുവേണ്ടി? അറബിക്‌ സര്‍വ്വകലാശാല വിവാദം ലീഗിനെ വളയക്കാന്‍ : യുഡിഎഫില്‍ കലാപം

muslim league-udfഅറബിക് യൂണിവേഴ്സിറ്റിയെയും സ്വകാര്യ സര്‍വ്വകലാശാലയെയും ചൊല്ലി യു.ഡി.എഫില്‍ ചക്കുളത്തിപ്പോര്. വിദ്യാഭ്യാസമന്ത്രിയെ അറിയിക്കാതെ സ്വകാര്യ സര്‍വ്വകലാശാലക്ക് മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് ചരടുവലി നടത്തുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആക്ഷേപം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍വെച്ച് തന്നെ വിദ്യാഭ്യാസമന്ത്രി ഇക്കാര്യം തുറന്നുപറഞ്ഞത് നീരസം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. തൃശൂര്‍ അതിരൂപതയ്ക്ക് വേണ്ടിയാണ് സ്വകാര്യ സര്‍വ്വകലാശാലയെന്ന ആശയം മുന്നോട്ടുകൊണ്ടുവരുന്നതെന്ന് മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സമസ്ത പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ വിമര്‍ശനമുയര്‍ന്നുവരാനിടയുള്ളതാണ് സ്വകാര്യ സര്‍വ്വകലാശാല. പൊതു വിദ്യാഭ്യാസ രംഗം തകര്‍ത്ത് വിദ്യാഭ്യാസത്തെ കച്ചവടം ചെയ്യാനാണിതെന്നാണ് ഇപ്പോള്‍ തന്നെ ഉയരുന്ന വിമര്‍ശനം. മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യവെ സ്വകാര്യ സര്‍വ്വകലാശാലയ്ക്ക് അനുമതി നല്‍കുന്ന നീക്കത്തിനൊപ്പം നില്‍ക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് ലീഗ് വിലയിരുത്തല്‍. നിലവില്‍ തന്നെ ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നതാണ് വിദ്യാഭ്യാസ വകുപ്പ്. തല്‍ക്കാലം തങ്ങളുടെ ചെലവില്‍ തൃശൂര്‍ രൂപതക്ക് വേണ്ടിയുള്ള സ്വകാര്യ സര്‍വ്വകലാശാലയെന്ന ആശയത്തിനൊപ്പം നില്‍ക്കേണ്ടെന്നാണ് ലീഗ് തീരുമാനം. സ്വകാര്യസര്‍വ്വകലാശാലയോടുള്ള ആശയപരമായ എതിര്‍പ്പിനെക്കാളുപരി തങ്ങള്‍ക്ക് വേണ്ടിയല്ലാത്ത ഏറെ വിര്‍ശനം ഏല്‍ക്കേണ്ടി വരുന്ന പദ്ധതിയുടെ ഉത്തരവാദിത്തം ഒഴിയുകയെന്ന നിലപാടാണ് ലീഗ് ഇപ്പോള്‍ ഉയര്‍ത്തുന്ന സ്വകാര്യ സര്‍വ്വകലാശാലക്കെതിരായ നീക്കത്തിന് പിന്നില്‍.

അതേസമയം ലീഗിന്‍റെ ഈ നിലപാടിലെ അറബിക് സര്‍വ്വകലാശാലയെന്ന ആശയം ഉപയോഗിച്ച് പൊളിക്കാമെന്നാണ് സര്‍ക്കാറിലെ കൃസ്ത്യന്‍ സഭാലോബികളുടെ കണക്കുകൂട്ടല്‍. അറബിക് സര്‍വ്വകലാശാല സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി എബ്രഹാമും ചീഫ് സെക്രട്ടറി ജിജി തോംസണും നോട്ടെഴുതിയത് ഈ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തല്‍. സാധാരണ രീതിയില്‍ ധനപരമായ തടസ്സങ്ങളാണ് ധനവകുപ്പ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്താറ്. സാങ്കേതികമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ചീഫ് സെക്രട്ടറിയും നോട്ടെഴുതും. എന്നാല്‍ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ഇവരുടെ പരിഗണനാ വിഷയമല്ലാത്ത കാര്യം എഴുതുക വഴി അറബിക് സര്‍വ്വകലാശാലക്ക് പിന്നില്‍ ലീഗിന്‍റെ വര്‍ഗ്ഗീയ അജണ്ടയാക്കി ചിത്രീകരിക്കുകയും അതുവഴി ലീഗിനെ പ്രതിരോധത്തിലാക്കി സ്വകാര്യ സര്‍വ്വകലാശാലക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുകയുമാണ് ലക്ഷ്യമെന്നാണ് സൂചന. പ്രശ്നത്തെ നേര്‍ക്കുനേര്‍ നേരിടാന്‍ തന്നെയാണ് ലീഗ് തീരുമാനം. സ്വകാര്യ സര്‍വ്വകലാശാലക്കെതിരെ പരസ്യമായി രംഗത്തെത്താന്‍ ലീഗ് നേതാക്കള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ സര്‍വ്വകലാശാല യു.ഡി.എഫോ സര്‍ക്കാറോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞത് ഇതിന്‍റെ ഭാഗമായാണ്.

അതേസമയം കഴിഞ്ഞ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പാലൊളി കമ്മിറ്റിയാണ് അറബിക് സര്‍വ്വകലാശാലയെന്ന ആശയം മുന്നോട്ടുകൊണ്ടുവന്നത്. സംസ്കൃതം, മലയാളം എന്നീ സര്‍വ്വകലാശായുടെ മാതൃകയിലും വിദേശത്ത് ഏറെ തൊഴില്‍ സാധ്യതയുള്ള ഭാഷയെന്ന പരിഗണനയിലുമായിരുന്നു ഇത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ അറബിക് സര്‍വ്വകലാശാല നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷക്കാലം ഇതിനു വേണ്ടി ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പ് അടുത്ത് വീണ്ടും സര്‍വ്വകലാശാലക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ ലീഗിന്‍റെ ഉദ്ദേശ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അറബിക് സര്‍വ്വകലാശാല പ്രഖ്യാപിച്ച് മുസ്ലിം വോട്ടുകള്‍ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യം മുസ്ലിം ലീഗിനുണ്ടെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. രൂപതക്ക് വേണ്ടിയാണെങ്കിലും അല്ലെങ്കിലും സ്വകാര്യ സര്‍വ്വകലാശാല വരുന്നത് കേരളത്തില്‍ ഏറെ വിമര്‍ശന വിധേയമാകും. പ്രത്യേകിച്ചും കോളജുകളുടെ സ്വയംഭരണാധികാരം പോലും വലിയ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍. ലീഗിന് വോട്ടിന് വേണ്ടിയാണെങ്കില്‍ അറബിക് സര്‍വ്വകലാശാലയും കേരളത്തില്‍ ശക്തമായി എതിര്‍പ്പ് വിളിച്ചുവരുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles