സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളെ ഉപരോധിച്ചു

sidiqueകോഴിക്കോട്‌: കോഴിക്കോട്‌ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്‌ നേതാക്കളെ ഉപരോധിച്ചു. നേതാക്കള്‍ യോഗം ചേരുന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിന്‌ മുന്നിലായിരുന്നു പ്രതിഷേധം. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ വെച്ച്‌ മത്സരിക്കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയ്‌ക്ക്‌ പോയ നേതാക്കള്‍ സീറ്റ്‌ തരപ്പെടുത്തിയപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായി അവഗണിച്ചുവെന്നാണ്‌ പരാതി. ഇതില്‍ പ്രതിഷേധിച്ചാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കോഴിക്കോട്‌ മണ്ഡലം പ്രസിഡണ്ട്‌ വി പി നൗഷിറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ യോഗം ചേരുന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടല്‍ മുറിക്ക്‌ പുറത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്‌.

എം കെ രാഘവന്‍ എം പി, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, ഡിസിസി പ്രസിഡന്റ്‌ കെ.സി അബു എന്നിവര്‍ അകത്തിരിക്കെയായിരുന്നു പ്രതിഷേധം. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളെ ഉള്ളിലേക്ക്‌ വിളിച്ചുവരുത്തി പലതവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.

ഇതിനിടെ എം ഐ ഷാനവാസ്‌ സ്ഥലത്തെത്തി അനുരഞ്‌ജന ചര്‍ച്ച നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഇതിനിടെ മീഞ്ചന്ത വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി നേതൃത്വം പ്രഖ്യാപിച്ച അഡ്വ. കെ ജയന്ത്‌ മത്സരത്തില്‍ നിന്ന്‌ പിന്മാറി. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ ഗിരീഷാണ്‌ പകരം മത്സരിക്കുക. എ ഐ സി സി അംഗം പി വി ഗംഗാധരനും മത്സരത്തില്‍ നിന്ന്‌ പിന്‍മാറുമെന്നാണ്‌ സൂചന.