സ്ത്രീ മനസ്സിന്റെ വിഹ്വലതകള്‍ക്ക് വിട; താനൂരില്‍ പോലീസ് വനിതാ സഹായ കേന്ദ്രം ഉദ്ഘാടനം ജനകീയോത്സവമായി

താനൂര്‍: പോലീസ് സ്റ്റേഷന്‍ ജനമൈത്രി സംവിധാനത്തിന്റെ ഭാഗമായുള്ള വനിതാ സഹായ കേന്ദ്രം ഉദ്ഘാടനം ജനകീയ ഉത്സവമായി. ഉദ്ഘാടന സമ്മേളനത്തിന് മുമ്പേ സ്റ്റേഷന്‍ കോമ്പൗണ്ട് വനിതകള്‍ കയ്യടക്കിയത് ശ്രദ്ധേയമായ കാഴ്ചയായി മാറി.

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പോലീസിന്റെ മനോഭാവത്തില്‍ കാലോചിതമായി പരിഷ്‌ക്കാരങ്ങള്‍ വേണമെന്നും മാനുഷിക പരിഗണന നല്‍കി വിഷയങ്ങളെ സമീപിക്കാന്‍ അവര്‍ സന്നദ്ധമാകണമെന്നും ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങളില്‍ നിന്നും തടിയൂരാന്‍ പോലീസ് സഹായം ആവശ്യപ്പെടുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്താശ ചെയ്യരുതെന്നും ആവശ്യമുയര്‍ന്നു.
വനിതകള്‍ക്ക് നേരിട്ടെത്തി പരാതി അറിയിക്കാനും പ്രശ്‌നങ്ങള്‍ക്ക് ത്വരിത ഗതിയില്‍ പരിഹാരം കാണുന്നതിനും വേണ്ടിയാണ് വനിതാ സഹായ കേന്ദ്രം സ്റ്റേഷനില്‍ തുടങ്ങിയത്. പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെയാണ് ഇതിനായി പ്രത്യേകം കെട്ടിടവും സൗകര്യവും തയ്യാറാക്കിയിരിക്കുന്നത്. ഇവിടം കേന്ദ്രീകരിച്ച് ഒരു വനിതാ ഹെല്‍പ്പ് ഡെസ്‌ക് തന്നെ പ്രവര്‍ത്തിക്കും. പരാതി നല്‍കാനും മറ്റുമായി എത്തുന്നവര്‍ക്ക് പ്രത്യേക ഇരിപ്പിടം, കുടിവെള്ള സംവിധാനം, ടി വി എന്നിവ പ്രവര്‍ത്തിക്കും. തീരമേഖലയായതിനാല്‍ സ്ത്രീകള്‍ നേരിട്ടെത്തി പരാതി നല്‍കുന്നതിന് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് കെ സേതുരാമന്‍ ഐ പി എസ്, ഡി വൈ എസ് പി കെ സലീം, ഡി വൈ എസ് പി യു അബ്ദുല്‍ കരീം, ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ഷെരീഫ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫ്, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.