സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശുപത്രി താനൂരില്‍ സ്ഥാപിക്കണം

താനൂര്‍: സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി താനൂരില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ സമഗ്ര വികസനത്തിനായി ആവിഷ്‌ക്കരിച്ച സപ്തധാരാ പദ്ധതിയില്‍ മലപ്പുറം, പത്തനംതിട്ട ജില്ലകള്‍ക്കനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും പ്രത്യേക ആശുപത്രി താനൂരില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. സപ്തധാരാ പദ്ധതി ഒക്‌ടോബറിനകം തന്നെ പൂര്‍ത്തീകരിക്കണം. അല്ലാത്ത പക്ഷം പദ്ധതി ജില്ലക്ക് നഷ്ടപ്പെടുന്നതിന് കാരണമാകും. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി തുടങ്ങുവാന്‍ പൊതുമരാമത്ത് വകുപ്പ് മഞ്ചേരിയിലെ ജനറല്‍ ആശുപത്രിക്ക് സമീപം പ്രത്യേക കെട്ടിടം നിര്‍മിച്ച് നല്‍കിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതിലൂടെ ആവശ്യമായി വരുന്ന നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങള്‍ക്കായി ഈ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണ് നോഡല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നിര്‍ദേശിച്ചത്. ഇക്കാരണത്താല്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാകുന്നതോടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ജില്ലക്ക് നഷ്ടമാകും. അതുകൊണ്ടുതന്നെ കൂടുതല്‍ ജനസാന്ദ്രതയുള്ള താനൂരില്‍ സി എച്ച് സി ക്ക് സമീപം ആശുപത്രി സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. തീരദേശത്തിന്റെ വര്‍ങ്ങളായുള്ള ആവശ്യമായിരിക്കും ഇതിലൂടെ സഫലീകരിക്കപ്പെടുകയെന്ന് വിലയിരുത്തപ്പെടുന്നു.