സോക്കര്‍ സ്‌കൂളൂമായി റയല്‍ മഡ്രിഡ് കേരളത്തില്‍.

കൊച്ചി: ലോക ഫുട്‌ബോളിലെ വമ്പന്‍ ക്ലബ്ബായ സ്‌പെയിനിലെ റയല്‍ മഡ്രഡിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സോക്കര്‍ സ്‌കൂള്‍ വരുന്നു. കേരളത്തിന്റെ ഫുട്‌ബോളിന് നാഴികകല്ലാവുന്ന പദ്ധതി സംസ്ഥാനസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാസങ്ങള്‍ക്കകം യാഥാര്‍ത്ഥ്യമാകും. ഇതു സംബന്ധിച്ച് റയല്‍ മഡ്രിഡ് അധികൃതരുമായി കായികമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഞായറാഴ്ച കൊച്ചിയില്‍ ചര്‍ച്ച നടത്തി.
ധാരണപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലെ സിന്തറ്റിക് ടര്‍ഫ് വിരിച്ച മൈതാനവും മറ്റ് സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ റയല്‍ സ്‌കൂള്‍ ആരംഭിക്കും. ക്ലബ് പരിശിലകര്‍ ഇവിടെയെത്തി പരിശീലനം നല്‍കും. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൊച്ചി പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ മൈതാനം സിന്തറ്റിക് ടര്‍ഫ് വിരിക്കാന്‍ തീരുമാനമായി. താമസസൗകര്യത്തിന് അന്താരാഷ്ട്ര നിലവാരത്തിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയും. ഇതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ മന്ത്രി ചുമതലപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടെ മൈതാനം നവീകരിക്കാനാണ് തീരുമാനം.
കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന്‍ അടിസ്ഥാന സൗകര്യ അഭാവമാണ് ഏറെ പ്രശ്‌നമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത റയല്‍ മഡ്രിഡ് യൂത്ത് ക്യാമ്പ് ഡയറക്ടര്‍ മാനുവല്‍ പരേനോ റോഡീവിച്ച് പറഞ്ഞു. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയം സിന്തറ്റിക് ടര്‍ഫ് വിരിച്ച് ഫുട്‌ബോളിന് മാത്രമായി മാറ്റാനും ചര്‍ച്ചയില്‍ തീരുമാനമായി. പദ്ധതിക്ക് ഫിഫ 12 കോടി അനുവദിക്കും.

മലപ്പുറം, അരീക്കോട്, മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്്‌പോര്‍ട്‌സ് സെന്റര്‍ എന്നിവക്കായി കേന്ദ്ര സര്‍ക്കാര്‍ 5 കോടി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരീക്കോട് ഗാലറി നിര്‍മാണത്തിന് എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടില്‍നിന്ന് 50 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചയില്‍ റയല്‍ മഡ്രിഡ് യൂത്ത് ക്യാമ്പ് ഡയറക്ടര്‍ മാനുവല്‍ പരേനോ റോഡീവിച്ച് പങ്കെടുത്തു.