സൈനീകന്റെ ദുരൂഹ മരണത്തില്‍ വീണ്ടും റീ പോസ്റ്റുമോര്‍ട്ടം

കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പിന് സമീപം മരിച്ചനിലയില്‍ കണ്ടത്തെിയ മലയാളി സൈനികന്‍ എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യു(33)വിന്‍െറ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇക്കാര്യമാവശ്യപ്പെട്ട് ബന്ധുക്കള്‍ കൊല്ലം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കൊട്ടാരക്കര റൂറല്‍ എസ്.പി  റീ പോസ്റ്റ് മോര്‍ട്ടത്തിന് ഉത്തരവിട്ടു.

റോയിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് സൈന്യം ഇനിയും വിട്ടുകൊടുത്തിട്ടില്ല.  തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അരണിക്കൂറിലധികമായി ട്രോളിയില്‍ കിടത്തിയിരിക്കുകയാണ്. നാസികിലെ സൈനിക ആസ്ഥാനത്ത് നിന്ന് വിവരം ലഭിച്ചാലേ മൃതദേഹം കൈമാറാനാകൂവെന്ന് കൂടെ വന്ന സൈനികന്‍ അറിയിച്ചു.

നാസിക്കിന് സമീപത്തെ മേലുദ്യോഗസ്ഥര്‍ സൈനികരെ പീഡിപ്പിക്കുന്നെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് റോയ് മാത്യുവിനെ കാണാതായത്. പ്രദേശിക ചാനല്‍ വഴിയാണ് ഇക്കാര്യം പുറത്തുവന്നത്. ആ റിപ്പോര്‍ട്ടില്‍ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു.

റോയിയുടെ വിവരങ്ങളൊന്നും ലഭിക്കാതെയായതോടെ ബന്ധുക്കള്‍ സൈനിക ഉദ്യോഗസ്ഥരിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് റോയ് മാത്യുവിനെ മേലുദ്യോഗസ്ഥര്‍ തടവിലാക്കിയെന്നാരോപിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.