സേഫ്‌ കേരള : ആരോഗ്യ വകുപ്പ്‌ 30 സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി

imagesപൊതുജനാരോഗ്യ സംരംക്ഷണവും പകര്‍ച്ചാവ്യാധി നിയന്ത്രണവും ഊര്‍ജിതപ്പെടുത്തുന്നതിന്‌ സേഫ്‌ കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്‌ ജില്ലയിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിങ്‌ സെന്ററുകള്‍, ഐസ്‌ നിര്‍മാണ ശാലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തി. 1195 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കല്‍, മലിനജലം പുറത്തേക്കൊഴുക്കല്‍, ഓടകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 30 സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 5200 രൂപ പിഴ ഈടാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ മലപ്പുറം നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ എം.വേലായുധന്‍, ഡോ.എ.ഷിബുലാല്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വി.ബി.പ്രമോജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ഡപ്യൂട്ടി ഡി.എം.ഒ. ഡോ.ആര്‍.രേണുകയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ പി.കെ.കുമാരന്‍, അസിസ്റ്റന്റ്‌ ലപ്രസി ഓഫീസര്‍ എം. അബ്‌ദുല്‍ ഹമീദ്‌ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കിഷോര്‍ ബാലന്‍, എപിഡമോളജിസ്റ്റ്‌ കിരണ്‍ രാജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ.കെ.പി. അഹമ്മദ്‌ അഫ്‌സലിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ പരിശോധനയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ ഭാസ്‌കരന്‍ തൊടുമണ്ണില്‍, ഡപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ കെ.പി.സാദിഖലി, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സക്കീര്‍,അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.