സെല്‍ഫോണ്‍ നിരോധിച്ചു.

ചെന്നൈ: ചെന്നൈയില്‍ സെല്‍ഫോണ്‍ നിരോധിച്ചു. മറ്റൊരിടത്തുമല്ല തമിഴ്‌നാട് നിയമസഭക്കകത്താണ് മൊബൈല്‍ ഫോണുപയോഗിക്കുന്നത് തിങ്കളാഴ്ച മുതല്‍ നിരോധിച്ചത്. ഈയടുത്ത കാലത്ത് കര്‍ണ്ണാടകയിലെയും ഗുജറാത്തിലെയും നിയമസഭാസാമാജികര്‍ നിയമനിര്‍മ്മാണസഭക്കകത്തിരുന്ന് മൊബൈലില്‍ നീലച്ചിത്രങ്ങള്‍ കണ്ടത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഇത്തരമൊരു അക്കിടി പറ്റാതിരിക്കാനാവും സാമാജികരുടെ അനുവാദത്തോടെ തമിഴ്‌നാട് നിയമസഭ ഈ തീരുമാനമെടുത്തത്.
തമിഴ്‌നാട് അസംബ്ലിയുടെ ജനറല്‍ റൂള്‍ ഓഫ് പ്രൊസീജ്യറിലെ 87 ാം വകുപ്പിലെ 10-ാം ഉപവകുപ്പു പ്രകാരമാണ് ഈ തീരുമാനമെടുത്തത്. ഇതു പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, നിയമസഭാജീവനക്കാര്‍ എന്നിവര്‍ക്ക് അസംബ്ലി ഹാളിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. അടിയന്തിരഘട്ടങ്ങളില്‍ ഫോണ്‍ ചെയ്യുന്നതിനായി സഭയില്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. എല്ലാ മെമ്പര്‍മാര്‍ക്കും 100 രൂപയുടെ ബിഎസ്എന്‍എല്‍ സ്മാര്‍ട്ട് കാര്‍ഡും അസംബ്ലിഹാളിലെ പ്രധാന ഭാഗങ്ങളില്‍ സ്മാര്‍ട്ട് പേ ഫോണും ലഭ്യമാകുന്നതാണ്.

 

കര്‍ണ്ണാടക, ഗുജറാത്ത് അസംബ്ലികളിലെ വിവാദസംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതിന് ഒരു സാമാജികന്‍ പത്തുദിവസത്തേക്ക് സസ്‌പെന്‍ഡു ചെയ്യപ്പെട്ടിരുന്നു. പി.ആര്‍.ബി. രാജ എന്ന പുതുമുഖ അംഗമാണ് സഭയില്‍ നടന്ന ബഹളമയമായ രംഗങ്ങള്‍ ഷൂട്ട് ചെയ്തതിന് സസ്‌പെന്‍ഷനിലായത്.