സൂര്യാഘാതം : തൊഴിലിടങ്ങളില്‍ മെയ്‌ 15 വരെ ജാഗ്രതാ നിര്‍ദേശം

മലപ്പുറം: സംസ്ഥാനത്ത്‌ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത്‌ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച ഉത്തരവ്‌ മെയ്‌ 15 വരെ നീട്ടിയതായി ലേബര്‍ കമ്മീഷണര്‍ കെ. ബി.ജു അറിയിച്ചു സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. പകല്‍ ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഉച്ചയ്‌ക്ക്‌ 11 മുതല്‍ മൂന്ന്‌ വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറ്‌ മുതല്‍ വൈകീട്ട്‌ ഏഴ്‌ വരെയുള്ള സമയത്തിനുള്ളില്‍ ഏട്ട്‌ മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്‌ക്ക്‌ ശേഷമുള്ള ഷിഫ്‌റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്‌ക്ക്‌ 11 ന്‌ അവസാനിക്കുകയും വൈകീട്ട്‌ മൂന്നിന്‌ ആരംഭിക്കുകയും ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട്‌ പരിശോധന നടത്തി റിപ്പോര്‍ട്ട്‌ നല്‍കാനും കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. തൊഴില്‍ സംബന്ധമായ പരാതികള്‍ 180042555214, 155214 ടോള്‍ ഫ്രീ നമ്പറുകളില്‍ രാവിലെ ഏഴ്‌ മുതല്‍ വൈകീട്ട്‌ ഏഴ്‌ വരെ അറിയാം.