സുസുക്കി ജിമ്മി

ഇന്ത്യന്‍ റോഡില്‍ കരുത്തിന്റെ സൗന്ദര്യമായിരുന്നു അന്ന് നിരത്തുകളില്‍ സജീവമായിരുന്ന മാരുതിയുടെ ജിപ്‌സി എന്ന സുന്ദരന്‍. ഇന്ന് ശരിക്കും പറഞ്ഞാല്‍ ജിപ്‌സി അതിന്റെ രാജകീയ പ്രൗഢിയുമായി റോഡുകളില്‍ എത്തുന്നത് അപൂര്‍വ്വമായിരിക്കുന്നു. മാരുതി, ജിപ്‌സി പോലൊരു എസ്.യു.വി.യില്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്നു വേണം കരുതാന്‍. മിലിട്ടറിയുടെ മാത്രം യാഡുകളുടെ തടവില്‍ പൂര്‍വ്വകാല പ്രൗഢിയില്‍ അനങ്ങാതെ കിടക്കുകയാണ് ഇപ്പോള്‍ ഈ അതികായന്‍.
2012 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാരുതിയില്‍ നിന്നൊരു ചെറു എസ്.യു.വി രഹസ്യം റോഡില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുന്നെ് പറഞ്ഞു കേള്‍ക്കുന്നു. ജിപ്‌സി കൊണ്ടു വന്ന ഊര്‍ജ്ജസ്വലതയുടെ സൗന്ദര്യവും, കരുത്തും താളാത്മകതയില്‍ വീണ്ടും പുനഃസൃഷ്ടിക്കുവാനുള്ള ഒരുക്കത്തിലാണ് സുസുക്കി. ഇന്ത്യയില്‍ കാണിക്കാതിരുന്ന താത്പര്യം പക്ഷെ സുസുക്കി വിദേശങ്ങളില്‍ പ്രകടിപ്പിച്ചില്ല. അതുകൊണ്ടു തന്നെയായിരിക്കണം സുസുക്കിയില്‍ നിന്നു…ജിമ്മി എന്ന കരുത്തന്‍ പിറന്നത്.
ജിപ്‌സിയെപ്പോലെ തന്നെ ഏത് ദുര്‍ഘടാവസ്ഥയും, അനാവശ്യമായ മുന്‍കരുതലുമില്ലാതെ നിസാരമായി മിറകടക്കാന്‍ കഴിയുന്ന രൂപഭംഗിയും, സാങ്കേതിക മേന്മയും ഗുണനിലവാരവും ജിമ്മിയെ ഇന്ത്യയില്‍ ജനപ്രിയമാക്കും എന്നതില്‍ സംശയമില്ല. എസ്.യു.വി.കള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മാര്‍ക്കറ്റില്ലെന്ന ധാരണയായിരിക്കണം ഇവിടെ ജിമ്മി വൈകി വരാന്‍ കാരണം. എന്നാല്‍ മറ്റു വാഹന നിര്‍മ്മാതാക്കള്‍ യഥേഷ്ടം എസ്.യു.വി.കള്‍ പടച്ചുവിടുന്നതും, അതിന് ആവശ്യക്കാര്‍ ഏറി വരുന്നതും മാരുതിയുടെ കണ്ണു തുറപ്പിച്ചിട്ടുന്നെു തോന്നുന്നു.
വാഹനത്തെക്കുറിച്ചുള്ള സാങ്കേതിക വിവരണം സുസുക്കിയില്‍ നിന്നും വരാനിരിക്കുന്നതേയുള്ളൂ. 2012 ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോക്ക് ശേഷം വാഹന പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയായിരിക്കാം ജിമ്മി. കോര്‍ണര്‍ കാഴ്ചയില്‍ എവിടെയോ നമുക്ക് സുപരിചതമായ വാഗണ്‍ ആറിന്റെ രൂപവുമായി സാദൃശ്യം തോന്നുന്നത് വാഹനം നേരില്‍ കാണുമ്പോള്‍ വെറും തോന്നല്‍ മാത്രവുമായിരിക്കാം. എന്തായാലും സുന്ദരമായ ഗ്രില്ലുകളോടെ മുന്‍കാഴ്ചയില്‍ നിന്നും നമ്മെ വരവേല്‍ക്കുന്ന ജിമ്മിക്കുവേണ്ടി കാത്തിരിക്കാം.