സുരക്ഷിത പച്ചക്കറി സംസ്‌കാരം വളര്‍ത്തിയെടുക്കും എ.സി.മൊയ്‌തീന്‍

PHOTO 2സുരക്ഷിത പച്ചക്കറികള്‍ ഉത്‌പാദിപ്പിച്ചെടുക്കുക എന്നത്‌ നമ്മുടെ ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കണമെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി എ.സി.മൊയ്‌തീന്‍ അഭിപ്രായപ്പെട്ടു. തന്റെ ഔദ്യോഗിക വസതിയായ പെരിയാറില്‍ ജൈവപച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കറി ഉത്‌പാദനത്തില്‍ സംസ്ഥാനത്തിന്‌ സ്വയം പര്യാപ്‌തി കൈവരിക്കാന്‍ കഴിയണം. ആരോഗ്യ പരിരക്ഷയെക്കുറിച്ച്‌ ജനങ്ങള്‍ കൂടുതല്‍ അവബോധമുളളവരാകണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമുളള സമൂഹത്തിന്‌ ആരോഗ്യമുളള ഭക്ഷണശീലം ആവശ്യമാണ്‌. ഇതിനായി എല്ലാവരും ഊര്‍ജ്ജിത ജൈവപച്ചക്കറി കൃഷിയിലേക്ക്‌ ഇറങ്ങണം. സര്‍ക്കാര്‍ ഇതിനുവേണ്ട എല്ലാ പിന്തുണയും നല്‍കുന്നതായിരിക്കും. പ്രാരംഭമെന്ന നിലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ പൊലിവ്‌ പദ്ധതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഓരോ കുടുംബശ്രീ സംഘവും 3 സെന്റില്‍ കുറയാതെ വിഷരഹിത ഓണക്കാല പച്ചക്കറി ഉത്‌പാദിപ്പിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുകൂടാതെ തദ്ദേശസ്വയംഭരണവകുപ്പ്‌, ജലസേചനം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട്‌ ഭക്ഷ്യ ഉത്‌പാദനത്തില്‍ ഊര്‍ജ്ജിതമായ വര്‍ദ്ധനവിന്‌ വേണ്ട നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. വിവിധ സഹകരണസംഘങ്ങള്‍, വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍, വനിതാ ഗ്രൂപ്പുകള്‍, മതസംഘടനകള്‍ തുടങ്ങി എല്ലാവരെയും ഇതിന്റെ ഭാഗമാക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കും. ഉത്‌പന്നങ്ങള്‍ക്ക്‌ വിപണി കണ്ടെത്തുന്നതിനു കൂടി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തക്കാളി, മുളക്‌, വഴുതിന, കാബേജ്‌, പയര്‍, പാവല്‍ തുടങ്ങിയ പച്ചക്കറികളാണ്‌ മന്ത്രി തന്റെ ഔദ്യോഗികവസതിയില്‍ നട്ടത്‌. ഗ്രോബാഗിലും തുറസ്സായ സ്ഥലത്തുമായാണ്‌ പച്ചക്കറികള്‍ നട്ടത്‌. സ്വയം പ്രവര്‍ത്തിക്കുന്ന തുളളിനന സംവിധാനവും ജലസേചനത്തിനായി സജ്ജമാക്കിയിട്ടുണ്ട്‌. കുടപ്പനക്കുന്ന്‌ കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ്‌ തൈകള്‍ സജ്ജമാക്കിയത്‌. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുരേഷ്‌ എസ്‌.കെ., ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രഭ, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ആന്റണി റോസ്‌, കൃഷി ഓഫീസര്‍മാരായ മിനി സി.എല്‍., വിഷ്‌ണു എസ്‌.പി., അസിസ്റ്റന്റ്‌ കൃഷി ഓഫീസര്‍ ബിനുലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.