സുനന്ദ പുഷ്‌കര്‍ മരണം: 3സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന്

18-sunanda-pushkar-aloneന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണപ്പെട്ട കേസില്‍ മൂന്നു സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍. ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാന്‍, ഡ്രൈവര്‍ ബജ്രംഗി, സഹായി നരെയ്ന്‍ സിങ് എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

ഇതേത്തുടര്‍ന്ന് 20 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി മൂന്നുപേര്‍ക്കും നോട്ടീസ് അയച്ചു. സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ട ദിവസം ഇവര്‍ മൂന്നുപേരും സംഭവം നടന്ന ഹോട്ടലിലുണ്ടായിരുന്നു.

സുനന്ദയുമായി ബന്ധപ്പെട്ട പല സംഭവങ്ങളും ഇവര്‍ പറയാതെ മറച്ചുവച്ചിരിക്കുകയാണ്. ഈ വിവരങ്ങളെല്ലാം നുണപരിശോധനയിലൂടെ കണ്ടെത്താമെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രതീക്ഷ.

വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഹോട്ടല്‍ മുറിയില്‍ തങ്ങിയതെന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം. എന്നാല്‍ പണികള്‍ പൂര്‍ത്തിയായതിനു ശേഷവും ഇരുവരും ഹോട്ടലില്‍ തുടരുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.