സുക്കര്‍ബര്‍ഗിനെയും ജാക്ക് ഡോഴ്‌സിയെയും വധിക്കുമെന്ന് ഇസിസിന്റെ ഭീഷണി

zuku1ലണ്ടന്‍: ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെയും ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോഴ്‌സിയെയും വധിക്കുമെന്ന് ഇസിസിന്റെ ഭീഷണി. ഇസിസ് പുറത്തുവിട്ടതെന്നു കരുതുന്ന വീഡിയോ സന്ദേശത്തിലാണ് ഇരുവര്‍ക്കുമെതിരെ ഭീഷണിയുള്ളത്. ‘ഖിലാഫത്ത് സൈന്യത്തിലെ മക്കള്‍’ എന്നു സ്വയംവിശേഷിപ്പിച്ച സംഘമാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ ഇരുവരുടെയും ഫോട്ടോയില്‍ തുടരെ തുടരെ വെടിയുണ്ടകള്‍ പതിക്കുന്നതാണ് ചിത്രീകരിച്ചത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ഹിംസയ്ക്കു പ്രേരിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ട്വിറ്ററും അക്കൗണ്ടുകള്‍ സസ്‌പെന്റു ചെയ്യുകയും പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നത് വര്‍ധിച്ചുവരുന്നതാണ് തങ്ങളെ പ്രകോപിപ്പിച്ചത് എന്നാണ് ഭീകരവാദ ഗ്രൂപ്പ് പറയുന്നത്. ഹാക്കര്‍മാര്‍ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ മാറ്റി ഇസിസ് ആശയങ്ങള്‍ പോസ്റ്റുചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്.

10,000ത്തില്‍ കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തങ്ങള്‍ ഹാക്കു ചെയ്തു കഴിഞ്ഞുവെന്നാണ് ഇസിസ് അവകാശപ്പെടുന്നത്. 150ലേറെ ഫേസ്ബുക്ക് ഗ്രൂപ്പുകളും 5,000ത്തിലേറെ ട്വിറ്റര്‍ പ്രൊഫൈലുകളും തങ്ങള്‍ ഹാക്കു ചെയ്‌തെന്നും പറയുന്നു. ഈ അക്കൗണ്ടുകളില്‍ പലതും ഇസിസ് അനുകൂലികള്‍ക്കു നല്‍കികഴിഞ്ഞതായും വീഡിയോയില്‍ പറയുന്നു. ഇസിസ് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ടെലഗ്രാമില്‍ മീഡിയ ടെക്‌നോളജി കമ്പനിയായ വൊകാടീവിന്റെ വെബ് അനലിസ്റ്റുകളാണ് ഈ വീഡിയോ കണ്ടത്.