സി.പി.ഐ.എം മുന്നണിക്ക് ബാധ്യതയാകുന്നോ..?


കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെ നയിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. എന്നാല്‍ സമീപകാലത്തായി പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ പ്രകടമാകുന്ന ദിശാഭ്രംശങ്ങളും ദൗര്‍ബല്യങ്ങളും മുന്നണി സംവിധാനത്തിനുതന്നെ ബാധ്യതയാകുകയാണോ..? പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ആര്‍.ശെല്‍വരാജിന്റെ എംഎല്‍എ പദപരിത്യാഗം സി.പി.ഐ.എം നേതൃത്വത്തെ ഒരിക്കല്‍കൂടി വിചാരണചെയ്യുന്നതായിരിക്കുന്നു.
നേരത്തെ മുന്നണി സംവിധാനത്തെ ദുര്‍ബലമാക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. അടവുനയങ്ങള്‍ നിരന്തരമായി പരാജയപ്പെടുന്നത് തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സി.പി.ഐ.എം നേതാക്കളുടെ ധാര്‍ഷ്ഠ്യം കലര്‍ന്ന സമീപനം ജനങ്ങളെ മുന്നണിയില്‍ നിന്നകറ്റുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ട് ശെല്‍വരാജ് നടത്തിയ പ്രസ്താവന സി.പി.ഐ.എം നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ്. സംഘടനാനേതൃത്വത്തിന് ഫ്യൂഡല്‍ മനസ്സാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. സംഘടനയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നു സമ്മേളനങ്ങള്‍ വ്യക്തികേന്ദ്രീകൃതമായിരുന്നുവെന്നും ശെല്‍വരാജ് ആരോപിക്കുന്നു. രാജി പ്രഖ്യാപനം അറിഞ്ഞ് സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങള്‍ മിക്കവാറും അസ്തപ്രജ്ഞരായവരെ പോലെയായിരുന്നു. പിറവം അടുത്തെത്തിയെന്ന് തിരിച്ചറിഞ്ഞ കൊടിയേരി കൊണ്ടുപിടിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച് തുടങ്ങിയതോടെ ചിത്രം മാറുമെന്ന് കരുതാം.
സിപിഐഎം-ന്റെ സംഘടനാ ശരീരത്തിലെ രോഗാതുരതകളാണ് പിറവം തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ യൂഡിഎഫിന് അപ്രതീക്ഷിത മേല്‍കയ്യ് സമ്മാനിക്കുന്നത്. രാജിനീക്കത്തെ കുറിച്ച് നേരത്തെ മനസ്സിലാക്കാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ സിപിഐഎം-ന് കഴിഞ്ഞില്ല എന്നത് അതിന്റെ സംഘടനാപരമായ പരാധീനതകളെയാണ് വിളിച്ചറിയിക്കുന്നത്. പിറവത്ത് കപ്പിനും ചുണ്ടിനും ഇടയില്‍ നിന്ന് വിജയം തട്ടി അകറ്റിയത് സിപിഐഎം ആണെന്ന് ചരിത്രം പറയുമോ..