സിവില്‍ സപ്ലൈസ് അഴിമതി: മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിതപരിശോധനക്ക് നിര്‍ദേശം

anoop-jacob-on-inflation_1തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിനെതിരെ വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ ദ്രുതപരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. എറണാകുളം റേഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പില്‍ 36 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ചാണ് വി. ശിവന്‍കുട്ടി പരാതി നല്‍കിയത്.

ഇ-ടെന്‍ഡര്‍ വ്യവസ്ഥകള്‍ മറികടന്ന് പര്‍ച്ചേസ് നടത്തിയതിലും, സിവില്‍ സ്‌പ്ലൈസ് വകുപ്പിലെ നിയമനങ്ങളിലും, വകുപ്പിന്റെ നവീകരണത്തിന് സെര്‍വര്‍ വാങ്ങിയതിലും അഴിമതി നടന്നെന്നായിരുന്നു വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ദ്രുതപരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഉത്തരവിട്ടു. എറണാകുളം റേഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം നടത്തി ഉടനടി റിപ്പോര്‍ട്ട് നല്‍കണം.

പര്‍ച്ചേസ് മാനുവലിലെ വ്യവസ്ഥകള്‍ പാലിക്കാതെ 4 കോടി രൂപ ചിലവില്‍ വറ്റല്‍മുളക്, തുവരപരിപ്പ് എന്നിവ വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. പുതുതായി രൂപീകരിച്ച 12 താലൂക്കുകളില്‍ 122 തസ്തികകളില്‍ ഡപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടത്തിയതിലും ആഴിമതി നടന്നെ വി. ശിവന്‍കുട്ടി ആരോപിക്കുന്നു.