സിറ്റിസണ്‍ കോള്‍ സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു:

ഈ വര്‍ഷം മാത്രം ആറര ലക്ഷം അന്വേഷണങ്ങള്‍

തിരുവനന്തപുരം 17 നവംബര്‍ 2012: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സിറ്റിസണ്‍ കോള്‍ സെന്റര്‍ ഐ റ്റി അധിഷ്ഠിത ഏകജാലക സംവിധാനമെന്ന നിലയില്‍ ജനശ്രദ്ധ നേടുന്നു. 2012 ജനുവരി മുതല്‍ ഇതുവരെയായി ആറരലക്ഷത്തില്‍പ്പരം അന്വേഷണങ്ങളാണ് സിറ്റിസണ്‍ കോള്‍ സെന്റര്‍ വഴി കൈകാര്യം ചെയ്തിരിക്കുന്നത്.

ഇ-ഗവേണന്‍സ്, വിവരാവകാശ നിയമം മുതലായവ ശുഷ്‌കാന്തിയോടെ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ താരതമ്യേന പ്രയാസമുള്ളതും കാലവിളംബം നേരിടുന്നവയുമായ വിവരങ്ങള്‍പോലും വേഗത്തിലും സുഗമമായും ജനങ്ങളിലെത്തിക്കാന്‍ കഴിയുന്ന സംവിധാനമെന്ന നിലയില്‍ സിറ്റിസണ്‍ കോള്‍ സെന്റര്‍ സവിശേഷമായ പ്രാധാന്യമര്‍ഹിക്കുന്നു.

2005 മെയ് 9 ന് ഔദ്യോഗികമായി സംസ്ഥാനത്തു നിലവില്‍ വന്ന സിറ്റിസണ്‍ കോള്‍ സെന്റര്‍ അവധിദിനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ്.

സര്‍ക്കാരിന്റെ ഇ-ഗവേര്‍ണന്‍സ് പദ്ധതിയുടെ ഭാഗമായും സംസ്ഥാന ഐ റ്റി മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും നടന്നുവരുന്ന സിറ്റിസണ്‍ കോള്‍ സെന്ററിലൂടെ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 30 ടെലിഫോണ്‍ ലൈനുകളും വിവരങ്ങള്‍ നല്‍കുന്നതില്‍ പരിണിതപ്രഞ്ജരായ ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചുവരുന്നു. വിവരങ്ങള്‍ നല്‍കുന്നതിനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സിറ്റിസണ്‍ കോള്‍ സെന്റര്‍ അവസരമൊരുക്കുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പദ്ധതികള്‍ സംബന്ധിച്ചും നടപടിക്രമങ്ങള്‍ സംബന്ധിച്ചുമുള്ള ലളിതമായ വിവരങ്ങള്‍പോലും കോള്‍ സെന്റര്‍ വഴി ലഭ്യമാണ്. റേഷന്‍ കാര്‍ഡ്, റേഷന്‍ വ്യാപാരി ലൈസന്‍സ്, വൈദ്യുതി കണക്ഷന്‍, ബില്‍ഡിംഗ് പെര്‍മിറ്റ്, ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തല്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യല്‍, പുതിയ വാഹനങ്ങളുടെ രജിസ്റ്ററേഷന്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നുതുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ക്ക് ഒരു ലോക്കല്‍ ടെലിഫോണ്‍ കോളിലൂടെ ആധികാരികമായ വിവരം ലഭിക്കുന്നതിനുള്ള സംവിധാനമാണ് സിറ്റിസണ്‍ കോള്‍ സെന്ററിലുള്ളത്.

വിവരങ്ങള്‍ ആരായുന്നതിനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കേരളത്തിലെവിടെ നിന്നും ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ലോക്കള്‍ കോള്‍ ആയി 0471 – 155300 എന്ന നമ്പരിലേക്കു വിളിക്കാം. ബി.എസ്.എന്‍.എല്‍ ഇതര ഉപഭോക്താക്കള്‍ക്ക് 0471 – 2335523, 0471 – 2115054, 0471 – 2115098 എന്നീ നമ്പരുകളിലേക്കും ഏതു സമയത്തും വിളിക്കാം. കൂടാതെ സംസ്ഥാന ഉപഭോക്തൃ ഹെല്‍പ്പ്‌ലൈനായ 1800-425 – 1550 എന്ന ടോള്‍ഫ്രീ നമ്പരിലും ഏതു സമയത്തും വിളിക്കാവുന്നതാണ്.