സിറിയയില്‍ സ്‌കൂളിനും ആശുപത്രിക്കും നേരെ വ്യോമാക്രമണം;50 മരണം

doctors-6teZoദമാസ്‌കസ്‌: സിറിയയില്‍ സ്‌കൂളിനും ആശുപത്രികള്‍ക്കും നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ 50 പേര്‍ മരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്‌ റഷ്യ നടത്തിയതെന്ന്‌ ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീകരരുടെ നിയന്ത്രണമുള്ള നഗരത്തിലാണ്‌ റഷ്യ വ്യോമാക്രമണം നടത്തിയത്‌. ആക്രമണത്തില്‍ അഞ്ച്‌ ആശുപത്രികളും രണ്ട്‌ സ്‌കൂളുകളും തകര്‍ന്നു.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മരണസംഖ്യ ഉയരുമെന്നാണ്‌ റിപ്പോര്‍ട്ട്‌. സിറിയയില്‍ സന്നദ്ധ സേവനം നടത്തുന്ന ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോര്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക്‌ നേരെയും ആക്രമണമുണ്ടായി. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാല്‌ മിസൈലുകളാണ്‌ ആശുപത്രിക്ക്‌ നേരെ ഉന്നമിട്ടെത്തിയതെന്ന്‌ ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോര്‍ഡേഴ്‌സ്‌ പ്രവര്‍ത്തകര്‍ പറഞ്ഞു.
തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശം പിടിച്ചടക്കാന്‍ സര്‍ക്കാര്‍ സേനയും കുര്‍ദുകളും ശ്രമിക്കുമ്പോള്‍ അവര്‍ക്ക്‌ പിന്തുണ നല്‍കിക്കൊണ്ടാണ്‌ റഷ്യ വ്യോമാക്രമണം നടത്തുന്നത്‌. അതേ സമയം സിറയയിലേക്ക്‌ തങ്ങളുടെ സൈന്യം കടന്നുവെന്ന ആരോപണം തുര്‍ക്കി നിഷേധിച്ചു.