സിറിയയില്‍ വന്‍ വിദ്യാഭ്യാസ പദ്ധതിയുമായി റാഫ് ഖത്തര്‍

ദോഹ: സിറിയയില്‍ വന്‍ വിദ്യാഭ്യാസ പദ്ധതിയുമായി റാഫ് ഖത്തര്‍. ആഭ്യന്തര യുദ്ധം മൂലം സ്‌കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയാത്ത സിറിയയിലെ കുട്ടികളെ സഹായിക്കാനാണ് റാഫിന്റെ സഹായ പദ്ധതി. റാഫ് എന്നറിയപ്പെടുന്ന ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷനാണ് സിറിയില്‍ 12 വിദ്യാഭ്യസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. തെക്കു കിഴക്കന്‍ സിറിയയിലെ ദാരാ ഗവര്‍ണറേറ്റിലാണ് യുദ്ധം മൂലം പഠിക്കാന്‍ അവസരം നഷ്ടപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി നടപ്പാക്കുന്നത്.

യുദ്ധക്കെടുതി മൂലം പഠനം അവസാനിപ്പിക്കേണ്ടിവന്ന കുട്ടികള്‍ക്ക് അടിസ്ഥാന വിഷയങ്ങളില്‍ പരിശീലനം നല്‍കും. ഇതോടെ കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷ എഴുതാനും ഉപരിപഠനത്തിനും അവസരം ലഭിക്കും. അഞ്ചു ലക്ഷം ഖത്തര്‍ റിയാല്‍ ചെലവിട്ടാണ് റാഫ് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഖത്തര്‍ പൗരന്മാരും പ്രവാസികളും നല്‍കിയ സംഭാവനകളും മറ്റും വഴിയാണ് ഫൗണ്ടേഷന്‍ പണം കണ്ടെത്തുന്നത്.

ആഭ്യന്തര യുദ്ധം മൂലം 1800ഓളം കുട്ടികളുടെ പഠനമാണ് വഴിയില്‍ മുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ദാരാ പ്രവിശ്യയിലെ കുട്ടികള്‍ക്ക് പരിശീലനത്തിനു പുറമെ കേന്ദ്രങ്ങളില്‍ ഭക്ഷണവും നല്‍കും.

പ്രാദേശിക സന്നദ്ധസംഘമായ അഹ്ല്‍ ഹുറാനുമായി സഹകരിച്ചാണ് കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാനുള്ള പദ്ധതികള്‍ നടത്തുന്നത്. അക്കാദമിക വര്‍ഷം നഷ്ടപ്പെടാതെ ഇടക്കാല പരീക്ഷ ഉള്‍പ്പെടെ എഴുതാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം കേന്ദ്രങ്ങളുണ്ടാകും. മാത്‌സ്, സയന്‍സ്, വിദേശഭാഷ, അറബിക് തുടങ്ങി ആറു വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഓരോ ക്ലാസ് മുറിയിലും 25 കുട്ടികളാണുണ്ടാവുക. ദിവസവും ആറു ക്ലാസുകള്‍ നല്‍കും.

യുദ്ധക്കെടുതികള്‍ ഏറെ ബാധിച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണെന്നും പ്രദേശത്ത് ഒട്ടേറെ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന് പഠനം താറുമാറാവുകയും ചെയ്തിട്ടുണ്ടെന്ന് റാഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത്തരം കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കേണ്ടത് അവരുടെ ഭാവിക്ക് അനിവാര്യമാണ്. തകര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ വലിയ പരിശ്രമം അനിവാര്യമാണ്. സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. സിറിയയിലെ യുവതലമുറയുടെ നല്ല ഭാവിക്കായുള്ള വലിയ ദൗത്യത്തിന് റാഫ് മുന്നിട്ടിറങ്ങുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്തതു മൂലം സിറിയയിലെ സ്‌കൂള്‍ പ്രായത്തിലുള്ള 50 ശതമാനത്തിലേറെ കുട്ടികള്‍ക്ക് പഠനം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 2013ലെ റിപ്പോര്‍ട്ടനുസരിച്ച് 51.8 ശതമാനം കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശം നിഷേധിക്കപ്പെട്ടിരിക്കയാണ്.

വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള 22,000 സ്‌കൂളുകളില്‍ നാലായിരം സ്ഥാപനങ്ങളില്‍ പഠനം നിലച്ചിരിക്കുകയാണെന്നാണ് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.