സിറിയയില്‍ നിന്നും റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു

1458013342_russian-forcesസിറിയയിലെ സൈനീക ഇടപെടല്‍ അവസാനിപ്പിക്കുന്നതായി റഷ്യ. ജനീവയില്‍ നടന്ന സമാധാനചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സിറിയയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര് പുടിന്‍ അറിയിച്ചു. സൈന്യം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനാലാണ് പിന്‍വലിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.

പ്രതിരോധ മന്ത്രാലയവും സൈന്യവും ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിനാലാണ് തീരുമാനമെന്നും പുതിന്‍ പറഞ്ഞു. നാളെ മുതല്‍ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ വിന്ന്യസിച്ച റഷ്യന്‍ സൈന്യം പിന്‍വാങ്ങും. റഷ്യയുടെ തീരുമാനത്തെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്ദും വിമതരും സ്വാഗതം ചെയ്തു. പിന്മാറാനുള്ള തീരുമാനം ശുഭസൂചകമെന്ന് ബാഷര്‍ പറഞ്ഞു. റഷ്യയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. വിഷയം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയതായും വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. അതേസമയം സമാധാന ചര്‍ച്ചയുടെ ഭാഗമായി ശരിയായ തീരുമാനം റഷ്യയ്ക്ക് കൈക്കൊള്ളാന്‍ കഴിഞ്ഞത് ആശ്വാസകരമാണെന്ന് യുഎന്‍ നയതന്ത്ര പ്രതിനിധി പ്രതികരിച്ചു. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ സിറിയയില്‍ വ്യോമാക്രമണം നടത്തിവരുന്നതനിടെയാണ് റഷ്യയുടെ ഈ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്.