സിപിഎം സമ്മേളനം; കുരിശും ഉയിര്‍പ്പും

കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങളുടെ നാള്‍ വഴികള്‍ പ്രവചനാതീതമാണ്. ചിലപ്പോള്‍ അത് ചരിത്രം ഒരുപിരിയന്‍ ഗോവണിയാണ് എന്ന പ്രസ്താവത്തെ സ്വാര്‍ത്ഥകമാക്കുന്നു. ചിലപ്പോള്‍ വിപ്ലവകാരികള്‍ ശരിയായ സമയത്തിനുവേണ്ടി കാത്തുനില്‍കുന്നു എന്ന സത്യത്തിന്റെ സാധൂകരണമാകുന്നു.

ഒരു ക്രൂശിത രൂപത്തിന്റെ രക്തഛവിയിലാണ് സിപിഎം സമ്മേളനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടേറുന്നത് . വര്‍ഷങ്ങള്‍ക്കുശേഷം അരങ്ങൊരിങ്ങിയ ഒരു മത-മാര്‍കികിസ്റ്റ് സംവാദ പരിസരം ഇ എം എസ്സിന്റെ അസാനിധ്യത്തെ പേര്‍ത്തും പേര്‍ത്തും ധ്വനിപ്പിച്ചുകൊണ്ടെ ഇരുന്നു. സംവാദം ചൂടുപിടിക്കുമ്പോഴേക്കും ചോര്‍ന്നെത്തിയ സംഘടനാ റിപ്പോര്‍ട്ട് സഭയെയും സഖാക്കളെയും ആശയക്കുഴപ്പത്തിലാക്കി ചാനല്‍ചില്ലകളില്‍ കൂടുകൂട്ടി പതുക്കെ ക്രിസ്തുവിനുപകരം മറ്റൊരു
രൂപം കുരിശിലേക്ക് വിപരണിമിച്ചെത്തി….. പിന്നെ സമ്മേളനനഗരി ഒരു വലിയ തീന്‍മേശയായി മാറി. എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയിലെന്നവണ്ണം രണ്ടും മൂന്നും ദിനങ്ങള്‍ വലിഞ്ഞു നീങ്ങി. ഇടയ്ക്കിടെ കൊലവിളികളും ആക്രോശങ്ങളും മാത്രം….. വി.എസിന്റെ അവസാനത്തെ അത്താഴം ഇവിടെതന്നെ എന്ന് എല്ലാവരും ഉറപ്പിച്ചു.

വീണ്ടും പിണറായിയുഗം പിറക്കുന്നതിനുമുന്‍പ് പി.ബിയുടെ ദൂതവാക്യമുണ്ടായി റിപ്പോര്‍ട്ട് പകുതി വിഴുങ്ങിതീര്‍ത്ത ഒരുസമ്മേളനം വെള്ളിയാഴ്ച്ചയുടെ ഇരുണ്ടസായാനത്തിലേക്ക് പടര്‍ന്നു. പിന്നെ അന്തരീക്ഷത്തിലെ കാര്‍മേഘങ്ങള്‍ ഏതോ മാന്ത്രികന്റെ നിര്‍ദേശം കൊണ്ടന്നവണ്ണം അകന്നു. തലസ്ഥാനത്തിന്റെ രക്തധമനികളിലേക്ക് ചെമ്പട മാര്‍ച്ച് ചെയ്തു. ഉപചാപങ്ങളൊന്നും മറിയാത്ത ചുമരെഴുതുകയും വൈറ്റ് വാഷ്‌ചെയ്യുകയും ചെയ്യുന്ന പതിനായിരങ്ങള്‍ തങ്ങളുടെ പ്രതീക്ഷകളിലേക്ക് പ്രകടനമായിവന്നു.

വിജുഗിഷുവായ വിജയനും, പ്രകാശ് കാരാട്ടിനും എസ്.ആര്‍.പിക്കും ബൃന്ദ കാരാട്ടിനും ശേഷം വീണ്ും വി എസ്. ആലപ്പുഴയിലെ സാധാരണക്കാരനും നിരക്ഷരരുമായ കയര്‍തൊഴിലാളികളോട് സംസാരിച്ചിരുന്ന അതേഭാവത്തില്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്തു.

‘കമ്മ്യൂണിസ്റ്റുകാര്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റിനെ ഭയക്കുന്നില്ല, സാമ്രാജ്യത്വ വിരുദ്ധവും മുതലാളിത്ത വിരുദ്ധവുമായ
സമരമുഖങ്ങളില്‍ ഞങ്ങള്‍ അതിനെ മുമ്പും നേരിട്ടിട്ടുണ്ട്. ‘ ചിതയില്‍ നിന്നെന്ന പോലുള്ള ഒരു ഉയിര്‍പ്പ് …. അടുത്തകുറച്ചു ദിവസങ്ങളിലെങ്കിലും കേരള രാഷ്ട്രീയത്തിലെ വന്‍ തിരിച്ചുവരവുകളിലേക്ക് കണക്കുചേര്‍ക്കാന്‍ ഒടുവില്‍ സിപിഎം സമ്മേളനം കാത്തുവച്ച എസ്‌ക്ലൂസീവ് നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് കാരെപ്പറ്റി ഒരുചുക്കും ചുണ്ണാമ്പുമറിയില്ല.