സിദ്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ റിക്രൂട്ട് ചെയ്ത 200ലേറെ തൊഴിലാളികളെ ഒഴിവാക്കുന്നു

ദോഹ: പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലാ ത്ത സിദ്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സിദ്‌റ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ടിം കാര്‍മാക്ക് അയച്ച മെമ്മോ തൊഴിലാളികള്‍ക്ക് ലഭിച്ചതായി പ്രാദേശിക വെബ്‌പോര്‍ട്ടല്‍ ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്ഥാന ചലനം സംബന്ധിച്ച് നിരവധി തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് കത്ത് അയച്ചതായാണ് മെമ്മോയില്‍ പറയുന്നത്. തൊഴിലാളികളുടെ എണ്ണം ആവശ്യത്തിനനുസൃതമായി ക്രമീകരിക്കുന്നതിന്റെ  ഭാഗമായി ഈ മാസം അവസാനത്തോടെ 200ലേറെ പേരെ ഒഴിവാക്കുമെന്നാണ് ദോഹ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിശ്ചിത കാല കരാറില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ കോണ്‍ട്രാക്ട് പുതുക്കി നല്‍കില്ലെന്നും സിദ്‌റ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് സിദ്‌റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദ്‌റയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പഞ്ചവല്‍സര പദ്ധതിയും ബജറ്റും അനുസരിച്ചാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് കാര്‍മാക്കിന്റെ മെമ്മോയില്‍ പറയുന്നു. നിശ്ചയിച്ചതിലും ഒരു വര്‍ഷം വൈകിയാണ് സിദ്‌റ പദ്ധതി ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. മുന്‍ കോണ്‍ട്രാക്ടര്‍മാര്‍ നല്‍കിയ കേസും നിലവിലുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യന്താധുനിക അക്കാദമിക് മെഡിക്കല്‍ സെന്റര്‍ എന്ന നിലയിലാണ് സിദ്‌റ വിഭാവനം ചെയ്തത്. ഖത്തര്‍ ഫൗണ്ടേഷന്റെ ധനസഹായത്തിലുള്ള 790 കോടി ഡോളറിന്റെ പദ്ധതി ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിന് സമീപമാണ്. 2011ലാണ് സിദ്‌റ തുറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, നിരവധി തവണ തിയ്യതി നീട്ടിനല്‍കുകയായിരുന്നു. സിദ്‌റ ഔട്ട്‌പേഷ്യന്റ് ക്ലിനിക്ക് 2016ല്‍ തുറക്കുമെന്നാണ് കരുതുന്നത്. ഇന്‍പേഷ്യന്റ് സംവിധാനം ആരംഭിക്കാന്‍ പിന്നെയും വൈകും.

പദ്ധതി വൈകുന്ന പശ്ചാത്തലത്തില്‍ നടത്തുന്ന കോര്‍പറേറ്റ് പുന:ക്രമീകരണത്തിന്റെ ഭാഗമായാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് കാര്‍മാക്കിന്റെ മെമ്മോയില്‍ പറയുന്നത്.

എത്ര പേരെയാണ് ഒഴിവാക്കുന്നതെന്നോ അതില്‍ മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവര്‍ എത്രയുണ്ടെന്നതു സംബന്ധിച്ചോ മെമ്മോയില്‍ പറയുന്നില്ല. എന്നാല്‍, 250ഓളം പേര്‍ക്ക് ഈ മാസം അവസാനത്തോടെ ജോലി നഷ്ടപ്പെടുമെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചിലര്‍ അടുത്ത കാലത്ത് കുടുംബ സമേതം ഖത്തറിലേക്കു മാറിയവരാണ്. പിരിഞ്ഞു പോവുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളിലുള്ള ഒഴിവുകളിലേക്ക് ഇവര്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് മെമ്മോയില്‍ പറയുന്നുണ്ട്.

സിദ്‌റ പ്രവര്‍ത്തന സജ്ജമായാല്‍ വര്‍ഷം 10,000 പ്രസവങ്ങള്‍ ഈ ആശുപത്രിക്ക് കൈകാര്യം ചെയ്യാനാവും. ശിശുരോഗം, പ്രസവ ശുശ്രൂഷ, പ്രത്യുത്പാദന മരുന്നുകള്‍ എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങള്‍ 400 ബെഡ്ഡുകളുള്ള സിദ്‌റയില്‍ ഉണ്ടാവും.