സിദ്ദീഖിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്‌ : വിഎം സുധീരന്‍

vm-sudheeran_3തിരുവനന്തപുരം: കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവച്ച കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെ കുറിച്ച് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.

കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു കൊണ്ടുള്ള സിദ്ദിഖിന്റെ കത്ത് കിട്ടിയാലുടന്‍ സ്വീകരിക്കും. സിദ്ദിഖിനോട് രാജി വയ്ക്കാന്‍ കെ പി സി സി ആവശ്യപ്പെട്ടിട്ടില്ലെന്നും സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജി സ്വീകരിക്കണമെന്ന് സിദ്ദിഖ് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖിനെതിരായ പരാതികളെ കുറിച്ച് പാര്‍ട്ടി പരിശോധിക്കും. രാഹുല്‍ ഗാന്ധിയുടെ റാലിയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ ഒഴിവാക്കി എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കും.

മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ നടപടി എടുക്കും. 27ലെ രാഹുലിന്റെ റാലി വിജയിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു.