സിഡ്‌നി ടെസ്റ്റ്‌: മുഖം രക്ഷിക്കാന്‍ ഇന്ത്യ, ഇന്നിങ്ങ്‌സ്‌ ജയത്തിലേക്ക് ഓസീസ്!

 

     ടെസ്റ്റ്‌ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ജയപരാജയെത്തെക്കാളുപരി, നൂറില്‍ നൂറു ആണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം; കൂടെ വിദൂര സാധ്യതയുള്ള സമനിലക്കും. 

     മൂന്നാം ദിവസം ഓസീസ് ക്യാപ്റ്റന്‍ ക്ലാര്‍കിന്റെ (329*) ട്രിപ്പിള്‍സെഞ്ചുറിയുടെയും  മൈക്ക് ഹസ്സിയുടെ (150*) സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ 659 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തി. ഇന്ത്യക്ക് മേല്‍ 468 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്ങ്‌സ്‌ ലീഡ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റിന്റെ കാര്യത്തില്‍ പട്ടിണിയായിരുന്നു!      

റെക്കോര്‍ഡ്‌കള്‍ക്ക് വേണ്ടി ഇന്നിങ്ങ്‌സ്‌ നീട്ടാതെയുള്ള ഓസീസ് ക്യാപ്ടന്റെ  തീരുമാനം അത്യുചിതമായിരുന്നു. കണക്കു കൂട്ടലുകള്‍ തെറ്റിയില്ല. അപകടകാരിയായ സെവാഗിനെ തുടക്കത്തില്‍ തന്നെ പുറത്താക്കി ഹില്ഫെനാസ് ഉദ്യേശം വ്യക്തമാക്കി. എന്നാല്‍ ദ്രാവിഡും ഗംഭീറും പതിയെ നിലയുറപ്പിച്ചു. പക്ഷെ, ഹില്ഫെനാസ് ദ്രാവിഡിനെ പുറത്താക്കി കൊണ്ട് ഇന്ത്യന്‍ മതില്‍ പൊളിച്ചു! കളി നിര്‍ത്തുമ്പോള്‍ നൂറില്‍ നൂറിന്റെ പ്രതീക്ഷയും പേറിക്കൊണ്ട് സച്ചിനും ഫോമിലെത്തിയ ഗംഭിരുമാണ്  ക്രീസില്‍.
നാലാം ദിവസത്തെ ലഞ്ചിന് മുന്‍പത്തെ സെഷന്‍ നിര്‍ണായകമാവും. ഓസീസ് പേസ് പട ഇന്ത്യന്‍ നെഞ്ച് പിളര്‍ക്കാന്‍ സജ്ജരായിക്കഴിഞ്ഞു. ഇതിനു മുന്നില്‍ ഇന്ത്യന്‍ നിര പിടിച്ചു നില്‍ക്കുമോ എന്ന് കണ്ടറിയണം. എന്തൊക്കെയായാലും ഇന്ത്യന്‍ പ്രതീക്ഷ രണ്ടു കാര്യങ്ങളില്‍ ആണ്, വിദൂര സാധ്യതയുള്ള സമനിലയിലും നൂറില്‍ നൂറിലും!