സിക്കരോഗം: മലപ്പുറം ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക്കരോഗ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.
ഫ്‌ലാവി വൈറസ്‌ വിഭാഗത്തില്‍പെടുന്ന രോഗാണുവാണ്‌ രോഗം ഉണ്ടാക്കുന്നത്‌. ഈഡിസ്‌ കൊതുകുകള്‍ ആണ്‌ പ്രധാനമായും രോഗം പരത്തുന്നത്‌. മുതിര്‍ന്നവര്‍ക്ക്‌ രോഗം ബാധിച്ചാല്‍ 85% വും രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ തന്നെ രോഗം മാറും. പനി, ശരീരത്തില്‍ തടിപ്പുകള്‍, കണ്ണുകള്‍ക്ക്‌ ചുവപ്പുനിറം എന്നിവയാണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഗര്‍ഭിണികള്‍ക്ക്‌ രോഗം ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന്‌ തല ചെറുതാകുന്ന അവസ്ഥ ഉണ്ടാകുന്നു.
പ്രതിരോധ നടപടികളില്‍ ഏറ്റവും പ്രധാനം കൊതുക്‌ നിര്‍മാര്‍ജനമാണ്‌. വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക, ആഴ്‌ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക, കൊതുക്‌ കടി ഏല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ അടിയന്തിരമായി ചെയ്യണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു.
രോഗബാധയുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ പനിയോ മറ്റ്‌ രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടനടി ഡോക്‌ടറെ കാണിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.