സായി ആത്മഹത്യ: കാരണം റാഗിങ് അല്ലെന്ന് റിപ്പോര്‍ട്ട്

saiiiആലപ്പുഴ: സായി ജലകായിക കേന്ദ്രത്തില്‍ പെണ്‍കുട്ടി മരിക്കാന്‍ കാരണം റാഗിങ് അല്ലെന്ന് സായി ഡയറക്ടര്‍ ജനററുടെ റിപ്പോര്‍ട്ട്. ചില സംഭവങ്ങളെച്ചൊല്ലി പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും മോശം പ്രവൃത്തികള്‍ ഉണ്ടായതാണത്രെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഇതിനെക്കുറിച്ച് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഇവരെ ഉപദേശിക്കുകയും ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വാര്‍ഡനും പെണ്‍കുട്ടികളെ ഉപദേശിച്ചു. ഇതിന്റെ കുറ്റബോധമാകാം വിഷക്കായ കഴിക്കാന്‍ കാരണമായത്. മറിച്ച് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനോ റാഗിങ്ങോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടികളെല്ലാം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സായിയില്‍ നിന്നും പോകേണ്ടി വരുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് അന്വേഷണവും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് സെക്രട്ടറിയുടെയും അന്വേഷണവും നടക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഒരു അന്തിമ നിഗമനത്തില്‍ സായി എത്തുന്നത് ശരിയല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു