സാന്ത്വനം , സാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : സാമൂഹ്യ സേവന രംഗത്തും സാന്ത്വന പരിചരണ രംഗത്തും പ്രതിബന്ധതയോടെയുള്ള ഇടപെടല്‍ ലക്ഷ്യമാക്കി മലപ്പുറം ജില്ലയിലെ സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍ രൂപം നല്‍കിയ ഷെല്‍ട്ടറിന്റെ ഒന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം മലപ്പുറം കെ എസ് ടി എ ഹാളില്‍ നടന്നു.

ജില്ലയിലെ അശരണവും നിരന്തര ചികിത്സ ആവശ്യമുള്ളവരുമായ രോഗികള്‍ക്കുള്ള സഹായ പദ്ധതിയായ സാന്ത്വനത്തിന്റെയും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പായ സാഫല്യം പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു.

ഷെല്‍ട്ടര്‍ ജില്ലാ പ്രസിഡന്റ് സി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രന്‍ മാസ്റ്റര്‍, കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ടി. തിലകരാജ്, ഷെല്‍ട്ടര്‍ ജില്ലാ സെക്രട്ടറി എം കെ ശ്രീധരന്‍,ജില്ലാ ട്രഷറര്‍ പി. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.